home
Total Visiters: 
ചെറുവത്തൂര്‍: 'വലിയ കട്ടിലില്‍ കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ച് കിടക്കുന്ന യുവാവ്. തലയ്ക്കുമീതെ കൂര്‍ത്ത ഇരുമ്പ് കുന്തങ്ങള്‍. കയര്‍ മുറിച്ചപ്പോള്‍ അവ താഴേക്ക് പതിച്ചു കണ്ടിരുന്ന ജനങ്ങള്‍ ശ്വാസമടക്കി. എന്നാല്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ ആള്‍ക്കൂട്ടത്തിന്റെ കൈകളില്‍ ആ യുവാവ് പുഞ്ചിരിയോടെ വായുവിലേക്കുയര്‍ന്നു. സ്പൈക് എസ്കേപ്പ് എന്ന അപകടകരമായ ഈ പ്രകടനം കാഴ്ചവെച്ചത് കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത യുവാവാണെന്ന് അറിയുമ്പോള്‍ വിസ്മയം ഇരട്ടിക്കും. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ ഉമേഷെന്ന മുപ്പത്തിയെട്ടുകാരനാണ് വിധിക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ, ഇച്ഛാശക്തിയോടെ വിസ്മയതുല്യമായ ജീവിതയാത്ര തുടരുന്നത്. ഒന്നാംവയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ പൂര്‍ണ്ണമായും തളര്‍ന്നെങ്കിലും ഉമേഷിന്റെ മനസ്സുതളര്‍ന്നില്ല. വായനയിലൂടെയാണ് മാജിക്കിനോടുള്ള ഇഷ്ടം തുടങ്ങുന്നത്. വായിച്ചറിഞ്ഞ മാജിക് പാഠങ്ങള്‍ കണ്ണാടിക്കുമുന്നില്‍ അവതരിപ്പിച്ച് ആത്മധൈര്യം നേടി. എല്ലാം വിജയകരമായപ്പോള്‍ വീടിനടുത്തുള്ള ചെറിയ വേദികളില്‍ ഉമേഷ്‌ മാജിക്കുമായെത്തി. കണ്ടുനിന്നവര്‍ ഈ കലാകാരന് നിറഞ്ഞ പ്രോത്സാഹനം നല്‍കി. അതോടെ ജീവിതവഴിയായി ഉമേഷ്‌ മാജിക് തിരഞ്ഞെടുത്തു. അങ്ങനെ കേരളത്തിലെ ആദ്യവികലാംഗ മജീഷ്യനായിമാറി ഉമേഷ്‌. തെയ്യം ഇല്യൂഷന്‍, ഫയര്‍ ഈറ്റിംഗ്, ക്യാപ് ട്രിക്ക് തുടങ്ങി നിരവധി ഇനങ്ങളുമായി വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയിലാണ് ഈ കലാകാരന്‍. പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ഇരുന്നാണ് മാജിക് അവതരണം. പ്രശസ്ത മാന്ത്രികരായ മുതുകാട്, സാമ്രാജ് എന്നിവര്‍ക്ക് മുന്നില്‍ മാജിക് അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഉമേഷിന്റെ ഏറ്റവും വലിയ സന്തോഷം. നല്ലൊരു മാജിക് ഉപകരണ നിര്‍മ്മാതാവ് കൂടിയാണ് കാട്ടാമ്പള്ളി അമ്പുവിന്റെയും, നാരായണിയുടെയും മകനായ ഉമേഷ്‌. ഫോട്ടോ ;അനീഷ്‌ ഫോക്കസ്
കാലിക്കടവ് ; മാനവരാശിയുടെ സമുന്നതമായ വികാസം ലക്‌ഷ്യം കണ്ട മഹര്‍ഷിവര്യനായ വ്യാസ ഭഗവാനാല്‍ രചിതമായ പുണ്യപുരാണമാണ് ശ്രീമദ് ഭാഗവതം. അത് മനസ്സിന്റെ ശാസ്ത്രമാണെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ ഭാഗവതോത്സവത്തിന് എത്തിയ അദ്ദേഹം പോസ്റ്റ്‌ പെട്ടിയോട് സംസാരിക്കുകയായിരുന്നു. മനുഷ്യ മനസ്സിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസത്തിനോ രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാര്‍ക്കോ സാധിച്ചിട്ടില്ല. മനുഷ്യമനസ്സിന് സ്വ ജീവിതത്തെയും സമൂഹജീവിതത്തെയും ഉയര്‍ത്തുവാനും നശിപ്പിക്കാനുമുള്ള കഴിവുണ്ട്. എതുതരത്തിലുള്ള ചിന്തകള്‍ സ്വജീവിതം നശിപ്പിക്കുമെന്നും , എതു തരത്തിലുള്ള ചിന്തകള്‍ മനോധൈര്യം തന്ന് ഉയര്‍ത്തുമെന്നും, ഭാഗവതം വ്യക്തമാക്കിത്തരുന്നു. യഥാര്‍ത്ഥത്തില്‍ ജീവിതം ഒരു വിധിയുടെ അടിമയല്ല. മറിച്ച് എതുതരം ചിന്തകള്‍കൊണ്ട് ജീവിതം നയിക്കാം എന്ന തിരഞ്ഞെടുക്കലിന്റെ സ്വാതന്ത്ര്യമാണ്. തനിക്കും സമൂഹത്തിനും ഗുണം ചെയ്യുന്ന സദ്‌ചിന്തകളെ പരിപോഷിപ്പിചെടുക്കാന്‍ ഭാഗവതം അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. തെറ്റായ ആശയങ്ങളിലും, ചിന്തകളിലും കുരുങ്ങി ദൈവനിഷേധികളായ പലരും സത്സംഗങ്ങളിലൂടെ മഹര്‍ഷി തുല്യരായി മാറിയിട്ടുണ്ട് രത്നാകരനെന്ന അക്രമകാരി മഹത് ചിന്തകളിലൂടെ വാത്മീകി മഹര്‍ഷിയായി. പില്‍കാലത്ത് ആദരണീയനും, ബഹുമാന്യനുമായിതീര്‍ന്നു. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഉറങ്ങി കിടക്കുന്ന മഹര്‍ഷി ശക്തിയെ ഉണര്‍ത്താന്‍ ഭാഗവതം ഒരുത്തമ വഴികാട്ടിയാണ്. ഇത് നമ്മുടെ സുകൃതവും, പുണ്യവുമാണ്. ഇന്ന് വാര്‍ധക്യത്തില്‍ അച്ഛനമ്മമാര്‍ മക്കളില്‍ നിന്നും അവഗണനകള്‍ അനുഭവിക്കുന്നു. അയ്യായിരം വര്ഷം പഴക്കമുള്ള ശ്രീമദ് ഭാഗവതത്തില്‍ തനിക്ക് ജന്മം തന്ന അമ്മയെ ആത്മീയ ശക്തിയിലേക്ക്‌ ഉയര്‍ത്തുന്ന കപില വാസുദേവന്റെ ചരിത്രം ഇന്നത്തെ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മൂല്യങ്ങള്‍ നിറഞ്ഞ മഹദ്ഗ്രന്ഥങ്ങള്‍ അവഗണിച്ചതാണ് മൂല്യച്യുതിക്ക് കാരണം. അതിനു നമുക്ക് നഷ്ടപ്പെട്ട് പോയ പൈതൃകത്തിലേക്ക് തിരിച്ചു പോവുകയേ വഴിയുള്ളൂ
കാലിക്കടവ്: കളിപറഞ്ഞ് വോളിബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ കായിക പ്രേമികളുടെ കയ്യടി നേടുകയാണ്‌ കൊടക്കാട് സ്വദേശി പി വികാസ് (30). വോളിബോള്‍ കമന്റേറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയ സാന്നിധ്യമായിക്കഴിഞ്ഞു ഈ യുവാവ്. 15 വര്‍ഷമായി ഈ രംഗത്തുള്ള വികാസ് ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ നൂറില്പരം മത്സരങ്ങള്‍ക്ക് കമന്റേറ്ററായിട്ടുണ്ട്. മറ്റേതൊരു കായികഇനത്തിനുമപ്പുറം വോളിബോളിനെ ഹൃദയത്തിലേറ്റുന്നവരാണ് കൊടക്കാട്ടുകാര്‍.രാപ്പകല്‍ ഭേദമില്ലാതെ വോളിബോളിന്റെ ആരവങ്ങള്‍ ഇവിടെ മുഴങ്ങിക്കേള്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിലെ വോളിയുടെ നിയമങ്ങളും, രീതികളും വികാസ് മന:പാഠമാക്കുകയും ചെയ്തു. മൂന്നുവര്‍ഷമായി മെക്കാനിക്കല്‍ അധ്യാപകനായ വികാസ് കൊടക്കാട് നാരായണ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് വോളി രംഗത്ത് ശ്രദ്ധപതിപ്പിച്ചത്.പതിനഞ്ചാം വയസ്സ് മുതല്‍ തന്നെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വോളിബോള്‍ മൈതാനങ്ങളില്‍ വികാസിന്റെ ശബ്ദം മുഴങ്ങിത്തുടങ്ങി. 1995ല്‍ സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ വോളിയോടെ ഈ മത്സരയിനത്തോട് താത്പര്യമേറി. വോളിബോള്‍ കളിക്കാരനായില്ലെങ്കിലും കമന്റേറ്ററായി തിളങ്ങി. കയ്യൂരില്‍ നടന്ന സംസ്ഥാന യൂത്ത് വോളി, പാടിയോട്ടുചാലില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് പുരുഷ-വനിതാ വോളി, പയ്യന്നൂരില്‍ നടന്ന ദേശീയ വോളി(2007), പയ്യന്നൂരില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് വോളി (2013), തലശ്ശേരിയില്‍ നടന്ന എന്‍.ഇ.ബാലറാം സ്മാരക വോളി (2013), സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന ഉത്തര കേരള വോളി (2013) തുടങ്ങിയ ടൂര്‍ണമെന്റുകളിലെല്ലാം വികാസിന്റെ ശബ്ദമുണ്ടായിരുന്നു. കളിക്കാരുടെ പേരും ടീമിന്റെ പേരും ഹൃദിസ്ഥമാക്കുകയെന്നതാണ് കമന്റേറ്ററുടെ ആദ്യപടിയെന്ന് ഇദ്ദേഹം പറയുന്നു. ഒറ്റനിമിഷത്തില്‍ നാവിന്‍തുമ്പില്‍ കളിക്കാരുടെ പേരെത്തണം. ഒപ്പം 'ബോള്‍ബോയിസി'നെയും കാണികളില്‍ ചിലരെയും റഫറിമാരെയും പേരെടുത്തുവിളിക്കും. ഇന്ത്യന്‍ താരങ്ങളായ ടോം ജോസഫ്, ജോബി ജോസഫ്, കിഷോര്‍കുമാര്‍ തുടങ്ങി നിരവധിപേരുമായും സൗഹൃദം പുലര്‍ത്തുന്ന വികാസ് നേരത്തേ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറായി ഗവ. ഫിഷറീസ് ചെറുവത്തൂരിലും ഗവ. ഫിഷറീസ് അഴീക്കലിലും ജോലിചെയ്തിട്ടുണ്ട്. പ്രമുഖ കമന്റേറ്ററായ തൃശ്ശൂര്‍ സ്വദേശി ജോസ് പി.യോടൊപ്പം പയ്യന്നൂരില്‍ പ്രവര്‍ത്തിക്കാനായതും തലശ്ശേരിയില്‍ വോളിബോള്‍ ആരാധകര്‍ നോട്ടുമാല അണിയിച്ചതും മറക്കാനാവാത്ത ഓര്‍മയാണ്. പലേരി ഹൗസില്‍ വി.വി.ബാലകൃഷ്ണന്റെയും പ്രഭാവതിയുടെയും മകനാണ്. നീനയും സോനയും സഹോദരിമാര്‍. തന്റെ ശബ്ദമികവിനു പിറകില്‍ അമ്മയുടെ അച്ഛനും ആദ്യകാല റേഡിയോ നാടക നടനുമായ കോട്ടയം കുഞ്ഞിരാമന്‍ മാസ്റ്ററാണെന്ന് വിശ്വസിക്കാനാണ് വികാസിനിഷ്ടം.നീലേശ്വരം സി നെറ്റ് ചാനല്‍ വാര്‍ത്താ അവതാരകന്‍ കൂടിയായിരുന്നു വികാസ്. ഫോട്ടോ ;സംസ്ഥാന പൈക്ക കായികമേള വോളി ബോള്‍ മത്സരം വിവരിക്കുന്ന വികാസ് ക്ലിക്ക് ;അനീഷ്‌
കാലിക്കടവ് : ചിത്രകാരന്‍ അടുത്തതായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയത് തന്‍റെ തന്നെ ചിത്രമാണ്. അവസാന മിനുക്ക്‌ പണികള്‍ക്ക് ശേഷം അദ്ദേഹം ചിത്രത്തിന്‍റെ തിരശീല നീക്കി. പിന്നീട് അതിനോട് ചേര്‍ന്നിരുന്നു. ചിത്രത്തിന്‍റെ മികവും, മിഴിവും കണ്ട് കാഴ്ചക്കാര്‍ വിസ്മയത്തോടെ പറഞ്ഞു. ''ഇത് ജീവനുള്ള ചിത്രം''. ഓരോ ചിത്രത്തിന്റെയും തിരശീല നീക്കുമ്പോള്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ ചിത്രകാരന്‍ പിലിക്കോട് വയല്‍ സ്വദേശി ജീവന്‍ നാരായണനാണ്. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിനരികിലെ ഇദ്ദേഹത്തിന്റെ ചിത്രശാലയില്‍ ആരെയും അതിശയിപ്പിക്കുന്ന നിറക്കൂട്ടുകളുടെ വിസ്മയങ്ങള്‍ കാണാം. ചിത്രകലാരംഗത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ് അറുപത്തിനാലുകാരനായ ഈ അനുഗ്രഹീത കലാകാരന്‍. ലാന്‍സ് സ്‌കെയിപ്പ് ചിത്രങ്ങളില്‍ മികവു തെളിയിച്ച ഇദ്ദേഹമിപ്പോള്‍ ഇപ്പോള്‍ പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ തന്റെ രചനാ പാടവം അനുഭവമാക്കുകയാണ്. നാട്ടിന്‍പുറത്തിന്റെ നന്മയും തെയ്യത്തിന്റെ സ്വാധീനവും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളിലൂടെയായിരുന്നു നാരായണന്റെ തുടക്കം. ഔപചാരികമായി ചിത്രകല അഭ്യസിക്കാതെ പാരമ്പര്യത്തിന്റെ കരുത്തിലൂടെ ലഭിച്ച സിദ്ധിയില്‍ ഇദ്ദേഹം വരച്ചുതീര്‍ത്തത് എണ്ണമറ്റ ചിത്രങ്ങളാണ്. ഇന്ന് തങ്ങളുടെ ഇഷ്ട ജനങ്ങളുടെ ചിത്രം വരയ്ക്കാന്‍ നാരായണനെ തേടിയെത്തുന്നവര്‍ നിരവധിയാണ്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇദ്ദേഹത്തിന്റെ ചായക്കൂട്ടുകളുടെ ഭംഗിതേടി എത്താറുണ്ട്.മണ്‍മറഞ്ഞ ദേശീയ സ്വാതന്ത്ര്യസമര സേനാനികളുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെയും ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ് വരച്ചുനല്‍കിയത്.ഗാന്ധിജി,ജവഹര്‍ലാല്‍ നെഹ്‌റു,ഇ.എം.എസ്,എ.കെ.ജി,പി.കുഞ്ഞിരാമന്‍ നായര്‍,മഹാകവി കുട്ടമ്മത്ത്,വിദ്വാന്‍ പി കേളുനായര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഒട്ടേറെപ്പേര്‍ക്ക് വരച്ചുനല്‍കി. നാരായണന്റെ ബാല്യം കഷ്ടപ്പാടിന്റെതായിരുന്നു. ദാരു ശില്‍പ നിമ്മാണത്തില്‍ അച്ഛന്റെ സഹായിയായണ് തുടക്കം. ആദ്യ കാലങ്ങളില്‍ ക്ഷേത്രനിര്‍മാണ കലയിലായിരുന്നു സജീവം .ക്ഷേത്രത്തിന്റെ നിര്‍മാണത്തിലെ പ്രധാന ഭാഗമായ കിംപുരുഷന്റെ നിര്‍മാണത്തിലും പെയിന്റിംഗിലും തെയ്യപ്പാവ നിര്‍മാണത്തിലും ഏര്‍പ്പെട്ടു.ഗുരുനാഥന്‍ പിതാവ് തന്നെയായിരുന്നു. പിന്നീട് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ശക്തമായ സൃഷ്ടികള്‍ രൂപം നല്‍കി. പല ചിത്രങ്ങളും നല്ല വിലയ്ക്ക വിറ്റുപോയി. പലരും അവ ഇന്നും നിധിപോലെ സൂക്ഷിക്കുന്നതില്‍ നാരായണന്‍ അഭിമാനം കൊള്ളുന്നു.എന്‍ഡോസള്‍ഫാന്റെ ദുരിത കാഴ്ചകള്‍ ജീവന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു.പ്രദര്‍ശനങ്ങളില്‍ ഈ ചിത്രങ്ങള്‍ ആകര്‍ഷകമായി.ഇദ്ദേഹത്തിന്റെ ആധുനിക ചിത്രങ്ങളായ അമ്മ,ശിവതാണ്ഡവം,ഭദ്രകാളി,അകലങ്ങളിലെ ഗാന്ധി എന്നിവ മികച്ച ചിത്രങ്ങളാണ്. മരണപ്പെട്ടുപോയവരുടെ നിറം മങ്ങിയതും ഭാഗികമായി നശിച്ചുപോയതുമായ ചെറിയ ചിത്രങ്ങളില്‍നിന്നാണ് ദിവസങ്ങള്‍ നീണ്ട രചനയിലൂടെ മികവാര്‍ന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.വലിയൊരു ചിത്രം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വരെ പിടിക്കും.ജീവന്റെ ചിത്രങ്ങള്‍ക്ക് ഒമ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ നല്‍കിയാണ് പലരും സ്വന്തമാക്കുന്നത്. പ്രശസ്ത ദാരു ശില്പകലാകാരനായിരുന്ന പരേതനായ പിലിക്കോട് കണ്ണന്‍ കേരളവര്‍മന്റെ ഇളയ മകനാണ് ജീവന്‍ നാരായണന്‍.മകന്റെ ചിത്ര രചനയിലെ വൈദഗ്ദ്യം ബോധ്യപ്പെട്ട കണ്ണന്‍ കേരള വര്‍മ്മന്‍ തന്നെയാണ് നാരായണനെന്ന പേരിന് മുന്നില്‍ ജീവന്‍ എന്ന പേരുകൂടി നല്‍കി പുനര്‍ നാമകരണം ചെയ്തത്.അച്ഛന്‍ പതിനെട്ടാം വയസ്സില്‍ നല്‍കിയ പേരിലാണ് ഇപ്പോള്‍ ഇദ്ദേഹം അറിയപ്പെടുന്നത്. അരനൂറ്റാണ്ട് കാലമായി ചിത്രകലയില്‍ ജീവിക്കുന്ന ജീവന്‍ നാരായണന് നാളിതുവരെയായി അധികൃതരില്‍നിന്നും ഒരംഗീകാരവും ലഭിച്ചിട്ടില്ല.നാട്ടിലെ ക്ലബുകളുടെയും കലാസമിതികളുടെയും നേതൃത്വത്തില്‍ ആദരിച്ചിട്ടുണ്ട്.നിരവധി സ്ഥലങ്ങള്‍ ജീവന്‍ നാരായണന്റെ ചിത്ര പ്രദര്‍ശനത്തിന് വേദിയായിട്ടുണ്ട്.യശോദയാണ് ഭാര്യ. അനിത,രവിശങ്കര്‍ എന്നിവര്‍ മക്കളാണ്.രവിശങ്കറും അച്ഛന്റെ പാതയില്‍ കലാരംഗത്തുണ്ട്.
കാലിക്കടവ്: കുട്ടികളൊരുക്കിയ ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതിന് ഉപേഷ് ചീമേനിക്ക് ഇത്തവണയും സംസ്ഥാന ബാലചലച്ചിത്ര അവാര്‍ഡ്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ടെക്നോളജി സംഘടിപ്പിക്കുന്ന ബാലചലച്ചിത്ര മേളയില്‍ ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ ഈ 24 കാരനെ തേടി മികച്ച ക്യാമറാമാനുള്ള അംഗീകാരമെത്തുന്നത്. സംസ്ഥാന -ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ് നിര്‍മ്മിച്ച ദൈവസൂത്രത്തിലൂടെയാണ് ഉപേഷിനെ തേടി ആദ്യ ചലച്ചിത്ര അവാര്‍ഡ് എത്തിയത്. ഇതേ വിദ്യാലയത്തിലെ ഹരിത സേന നിര്‍മ്മിച്ച പാഠപുസ്തകം എന്ന ചിത്രത്തിന്‍റെ ക്യാമറാ മികവിനാണ് ഇത്തവണത്തെ അംഗീകാരം. കല്യാണ വീഡിയോ ഗ്രാഫിയിലൂടെ ഈ മേഖലയില്‍ എത്തിയ ഉപേഷ് ഈ ചിത്രങ്ങള്‍ക്ക് പുറമെ മുപ്പതോളം ടെലിഫിലിമുകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന രണ്ട് ചിത്രങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചതും, അതിലൂടെ ലഭിച്ച ഈ അംഗീകാരങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഈ യുവാവ് കണക്കാക്കുന്നു. സിനിമയെ കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും, ആശയങ്ങളും വളരെ മികച്ചതാണെന്നും, ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്കൊപ്പം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഉപേഷ് പറയുന്നു. തൃശൂരില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബില്‍ നിന്നും ഉപേഷ് ഇത്തവണത്തെ അവാര്‍ഡ് ഏറ്റുവാങ്ങി. ചീമേനി ഗവ; ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം ഐ. മീഡിയ ഡിജിറ്റല്‍ സ്റ്റുഡിയോ നടത്തുകയാണ് ഉപേഷ്.
കാലിക്കടവ്: പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിന് മുന്‍വശത്തെ ദേവീവിലാസം ഹോട്ടലില്‍ എത്തുന്നവരില്‍ കൌതുകം നിറയ്ക്കുകയാണ് കുപ്പിക്കുള്ളിലൊരുക്കിയ 'കോണി'. ഹോട്ടല്‍ ഉടമ എം വി പവിത്രന്‍റെ കരവിരുതിലാണ് കോണി കുപ്പിക്കുള്ളിലായത്. കുപ്പി പൊളിച്ച് ഒട്ടിച്ചു ചേര്‍ക്കാതെ വായു വിസ്താരം കുറഞ്ഞ കുപ്പിയില്‍ മരം കൊണ്ടുള്ള ചെറിയ കോണി എങ്ങനെ എത്തി എന്നതാണ് എല്ലാവരിലും കൌതുകം നിറയ്ക്കുന്നത്. കോണിപ്പടികള്‍ ആണിയടിച്ച് ചേര്‍ത്ത് വച്ചിരിക്കുന്നത് പോലെയാണ് ഉള്ളത്. ഒരാഴ്ചത്തെ ശ്രമഫലമായാണ് രണ്ട് കുപ്പികള്‍ക്കുള്ളില്‍ ഇത്തരത്തില്‍ പവിത്രന്‍ കോണികള്‍ നിര്‍മ്മിച്ചെടുത്തത്. അപൂര്‍വങ്ങളായ നിരവധി നാണയങ്ങളുടെ ശേഖരത്തിന് ഉടമയായ പവിത്രനെ പോസ്റ്റ്‌ പെട്ടി നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഫോട്ടോ:അനീഷ്‌ ഫോക്കസ്
ചെറുവത്തൂര്‍::;'പച്ചക്കറികള്‍,അടക്ക,വെറ്റില,ചട്ടി,തുണിത്തരങ്ങള്‍ ,.....വരൂ... വരൂ..വരൂ. ആള്‍ത്തിരക്കിന്‍റെ ആരവങ്ങളേക്കാള്‍ ഉച്ചത്തിലായിരുന്ന ഓണനാളിലെ ആ വിളികള്‍ കാതില്‍ മുഴങ്ങുകയാണ്. ഇന്ന് ആളും ആരവവും ഇല്ല. വല്ലവരും വന്നെങ്കിലായി''.....ചെറുവത്തൂര്‍ കൊവ്വലിലെ ആഴ്ച ചന്തയില്‍ ഷീറ്റ് കെട്ടിമറിച്ച പന്തലിലെ തൂണില്‍ ചാരി നിന്ന് പഴയ കാലം ഓര്‍ത്തെടുക്കുകയായിരുന്നു മൊയ്തുക്ക.പേര് മൊയ്തു എന്നാണെങ്കിലും എല്ലാവരും മൊയ്തുക്കയെന്നേ വിളിക്കൂ.വയസ്സ് 82 കഴിഞ്ഞു. കഴിഞ്ഞ 60 വര്‍ഷമായി ഈ ചന്തയിലെ സാന്നിധ്യമാണ് പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം.തിങ്കളാഴ്ച ചന്തയുണ്ടെങ്കില്‍ തുണികള്‍ നിറച്ച കെട്ടുമായി മൊയ്തുക്കയെത്തിയിരിക്കും. നന്നേ ചെറുപ്പത്തില്‍ ഉപ്പയുടെ കൈപിടിച്ചെത്തിയതാണ് ഈ ചന്തയില്‍.., പിന്നീടത്‌ പതിവായി.പഴയ കാലത്തെ ചന്തയെ കുറിച്ച്‌ ചോദിച്ചാല്‍ ഇദ്ദേഹം വാചാലനാകും.''ഇന്നത്തെ ബസാറിലെ തുണി പീട്യെനക്കാളും പവറായിരുന്നു അന്‍റെ ചന്തയിലെ തുണി കച്ചോടത്തിന്''....പറയുമ്പോള്‍ തന്നെ മോയ്തുക്കയുടെ കണ്ണുകളില്‍ ആ പഴയ ഓണക്കാലം മിന്നിമറയുന്നത്‌ കാണാം. ഇന്ന് പ്രതീക്ഷയുടെ വഴിക്കണ്ണുമായി ആളുകള്‍ക്കായുള്ള കാത്തിരിപ്പാണ്. വല്ല മാക്സിയോ തോര്‍ത്തോ വിറ്റുപോയാലായി.ചിലപ്പോള്‍ പയ്യന്നൂരില്‍ നിന്നും ഇവിടെവരെയെത്തിയ വണ്ടിക്കൂലി പോലും കിട്ടില്ല. ആള്‍ത്തിരക്കില്‍ അലിഞ്ഞുചേരുന്ന പയ്യന്നൂരിന്‍റെ പാതയോരങ്ങളില്‍ എവിടെയെങ്കിലും നിരത്തി വച്ചാല്‍ അപ്പോള്‍ തന്നെ വിറ്റു പോകുന്നതേയുള്ളൂ ഇദ്ദേഹത്തിന്‍റെ പക്കലുള്ള തുണിത്തരങ്ങള്‍.,പക്ഷെ അതല്ലല്ലോ മോയ്തുക്കയും ചന്തയും തമ്മിലുള്ള ബന്ധം.കച്ചവടം നടന്നാലും ഇല്ലെങ്കിലും കഴിയാവുന്നിടത്തോളം കാലം ഈ യാത്ര തുടരും അത്രമാത്രം..മൊയ്തുക്ക പറഞ്ഞു വച്ചു.എന്നിട്ട് ഒരു ചോദ്യവും അല്ലാ ഓണായിറ്റ് ഇങ്ങക്കൊന്നും വേണ്ടേ.ആ ചോദ്യം അത് വഴി വന്നവരോടെല്ലാം ചോദിച്ച് കൊണ്ടേയിരുന്നു ....... തയ്യാറാക്കിയത്:വിനയന്‍ പിലിക്കോട് ഫോട്ടോ:രാഹുല്‍ ഉദിനൂര്‍
കാലിക്കടവ്: ദേശീയ പതാകയുടെയും, ദേശീയ ഗാനത്തിന്‍റെയും മഹത്വം കുട്ടികളിലും, പൊതുജനങ്ങളിലും എത്തിച്ച് ഒരു സംഗീതാധ്യാപകന്‍റെ യാത്ര ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പിലിക്കോട് വയല്‍ സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ തോട്ടടയില്‍ താമസക്കാരനുമായ തമ്പാന്‍ കെ. വി യാണ് ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് ദേശീയബോധം പകര്‍ന്ന് യാത്ര നടത്തുന്നത്.കണ്ണൂര്‍ ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ ഇദ്ദേഹത്തിന്‍റെ ഈ യാത്ര ആരംഭിച്ചത് ചക്കരക്കല്‍ മലബാര്‍ ടി ടി ഐ യില്‍ നിന്നുമാണ്. ദേശീയ പതാകയെ കുറിച്ചും,ദേശീയ ഗാനത്തെ കുറിച്ചുമൊക്കെ നിയമ പുസ്തകങ്ങളില്‍ നിന്ന് മുതല്‍ സര്‍വവിജ്ഞാനകോശത്തില്‍ നിന്ന് വരെ പഠിച്ചിരിക്കുമ്പോഴാണ് ഒരു ക്യാമ്പിന്‍റെ ഭാഗമായി ദേശീയഗാനത്തെ കുറിച്ച്‌ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള ഈ അവസരം ലഭിച്ചത്.തുടര്‍ന്നിങ്ങോട്ട്‌ കണ്ണൂര്‍, കാസര്‍ഗോഡ്‌,കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും മാഹിയിലുമൊക്കെയായി നിരവധി ക്ലാസ്സുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തു കഴിഞ്ഞു. ക്ലാസ്സെടുക്കാന്‍ വിദ്യാലയത്തിലെത്തിയാല്‍ ആദ്യം അവിടെയുള്ള ദേശീയപതാക ഇദ്ദേഹം ഒന്ന് പരിശോധിക്കും.പലതും കൃത്യമായ ഫ്ലാഗ് കോഡ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നില്ല. ഇത് പിഴയോ, തടവോ, ഇത് രണ്ടുമോ കിട്ടാവുന്ന കുറ്റമാണെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തും.ഇതിനെക്കുറിച്ചൊക്കെ പൊതുജനങ്ങളിലും, കുട്ടികളിലും എത്രത്തോളം അവബോധം ഉണ്ട് എന്നറിയാന്‍ 2008 ല്‍ പ്രത്യേകം ചോദ്യാവലി തയ്യാറാക്കി ഇദ്ദേഹം ഒരു സര്‍വേ നടത്തിയിരുന്നു. 4000 വിദ്യാര്‍ത്ഥികളും, 2000 പൊതു ജനങ്ങളും ഈ സര്‍വെയില്‍ പങ്കെടുത്തു. ഇതില്‍ 82 ശതമാനം പേര്‍ക്കും ഭാഗീകമായി മാത്രമേ ദേശീയ പതാകയെ കുറിച്ചും ,ദേശീയ ഗാനത്തെ കുറിച്ചും അവബോധം ഉണ്ടായിരുന്നുള്ളൂ. ഇവിടെയാണ്‌ തമ്പാന്‍ മാസ്റ്ററുടെ ഈ യാത്ര പ്രസക്തമാവുന്നത്. കണ്ണൂരാണ് താമസമെങ്കിലും ഒരു പിലിക്കോട് കാരനായി അറിയപ്പെടാനാണ് ഇദ്ദേഹത്തിന് ഇഷ്ടം
കാലിക്കടവ്: പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ കരവിരുതില്‍ ശില്പ വിസ്മയങ്ങള്‍ ഒരുക്കി സഹോദരങ്ങള്‍ കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്നു. പിലിക്കോട് കോതോളിയിലെ നരേന്ദ്രനും, മധുവുമാണ് ഈ ശില്‍പികള്‍.., ദേശീയ പാതയിലൂടെ കടന്നു പോകുമ്പോള്‍ കാലിക്കടവിനും, കരിവെള്ളൂരിനും ഇടയില്‍ ആണൂരിലുള്ള ഇവരുടെ പണിശാലയിലേക്ക് ആരുമൊന്ന് നോക്കിപോകും. മരത്തില്‍ കൊത്തിയെടുത്ത ജീവന്‍ തുടിച്ചു നില്‍ക്കുന്ന ശില്പങ്ങളാണ് ഈ പണിശാലയെ ശ്രദ്ധേയമാക്കുന്നത്. മരത്തില്‍ കൊത്തിയെടുത്ത നരസിംഹ രൂപത്തിന്റെ അവസാന മിനുക്ക്‌ പണിയിലാണ് ഇവരിപ്പോള്‍..., നിരവധി തെയ്യക്കോലങ്ങള്‍ ഇവര്‍ പണിശാലയില്‍ കൊത്തിവച്ചിട്ടുണ്ട്. പൊട്ടന്‍ തെയ്യത്തിന്റെ വലിയ രൂപം നേരത്തെ തന്നെ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ൧൯൭൯ ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയ മുത്തച്ഛന്‍ കണ്ണന്‍ കേരള വര്‍മ്മന്‍, അച്ഛന്‍ കെ.വി കുഞ്ഞമ്പു എന്നിവരില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് ഇരുവര്‍ക്കും ഈ കരവിരുത്. ക്ഷേത്രങ്ങളിലെക്കാവശ്യമായ മുഖയാമങ്ങള്‍ കൊത്തുന്നതിലും ഇവര്‍ക്കുള്ള വൈദഗ്ദ്യം മികച്ചതാണ്. ഫോട്ടോ:അജേഷ് കരക്കേരു
കാലിക്കടവ്: കുഞ്ഞു മനസ്സുകള്‍ക്ക് നിറമുള്ള കാഴ്ചകളൊരുക്കി സ്കൂള്‍ ചുവരുകളില്‍ ചിത്രങ്ങളുടെ വിസ്മയലോകം തീര്‍ക്കുകയാണ് മാണിയാട്ട് സ്വദേശി കെ. വി ധനരാജ്. കാസര്‍ഗോഡ്‌ -കണ്ണൂര്‍ ജില്ലകളിലായി അറുപതോളം വിദ്യാലയങ്ങളിലെ ചുവരുകള്‍ക്ക് ഈ യുവചിത്രകാരന്‍ നിറം പകര്‍ന്ന് കഴിഞ്ഞു.പഴയ സങ്കല്പം മാറി ശിശു സൗഹൃദ വിദ്യാലയങ്ങളായി പൊതു വിദ്യാലയങ്ങള്‍ മുഖം മാറ്റി തുടങ്ങിയതോടെയാണ് ചിത്രങ്ങള്‍ നിറഞ്ഞ ചുവരുകള്‍ എന്ന ആശയം ഉയര്‍ന്നു വന്നത്. ഒന്ന് രണ്ടു വിദ്യാലയങ്ങളില്‍ വരച്ചു കഴിഞ്ഞതോടെ ചിത്രങ്ങളുടെ മികവും മിഴിവും കണ്ടറിഞ്ഞ് പല വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ ഇദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍ ലളിതമായ കഥാസന്ദര്‍ഭങ്ങളാണ് ചുവരുകളില്‍ വരയ്ക്കുന്നതെന്ന് ധനരാജ് പറയുന്നു. തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ എ എല്‍ പി സ്കൂളില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ സ്മാരക കുട്ടികളുടെ വായനശാലയില്‍ ബഷീറിന്റെയും, അദ്ദേഹത്തിന്‍റെ കൃതികളിലെ കഥാപാത്രങ്ങളെയും വരയ്ക്കുന്ന തിരക്കിലാണ് ഈ കലാകാരനിപ്പോള്‍.. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ഈ മേഖലയിലുള്ള ധനരാജ് അറിയപ്പെടുന്ന ശില്‍പ്പി കൂടിയാണ്.
കാലിക്കടവ്: മദ്യത്തിനെതിരെയുള്ള ഏകാപാത്ര നാടകം 'പകര്‍ച്ച'യുമായി നന്ദകുമാര്‍ മാണിയാട്ട് അന്‍പത് വേദികള്‍ പിന്നിട്ടു. യാദൃശ്ചികമായി മദ്യത്തിന് അടിമപ്പെട്ട ഒരു കുടുംബനാഥന്‍റെ കഥയാണ് ഈ നാടകത്തിലൂടെ പറയുന്നത്. ചടങ്ങുകളിലെ മദ്യപാനം നാട്ടുനടപ്പായി മാറിയപ്പോള്‍ സ്വന്തം വീടിന്‍റെ കോണ്‍ക്രീറ്റ് ജോലിക്കായി വേലായുധന്‍ എന്ന കുടുംബനാഥനും കുപ്പി പൊട്ടിക്കേണ്ടി വരുന്നു. എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അന്നയാള്‍ ആദ്യമായി മദ്യത്തിന്‍റെ രുചിയറിയുന്നു.പിന്നീട് ഇദ്ദേഹത്തിന്റെ വീട് തന്നെ മദ്യപാന കേന്ദ്രമായി മാറി. ഭാര്യക്കും മകള്‍ക്കും മുന്നില്‍ മദ്യപാനത്തിന്റെ വിളയാട്ടം. കൂട്ട് കൂടി കുടിക്കാന്‍ എത്തിയവരുടെ ലക്‌ഷ്യം വഴിമാറി സ്വന്തം മകളുടെ കരച്ചില്‍ ഉയര്‍ന്നപ്പോള്‍ പോലും വേലായുധന്‍ ഒന്നും അറിയുന്നില്ല. ഒടുവില്‍ ഭാര്യയും മകളും കെട്ടിത്തൂങ്ങിയപ്പോള്‍ ശവം ദഹിപ്പിക്കാനുള്ള ചിരട്ടയ്ക്ക് പോലും വേലായുധന് മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടി വരുന്നു. അപ്പോഴാണ് നാടകക്കാരന്‍ പറയുന്നത് ഈ പടുവേഷം കെട്ടരുത് എന്ന്. നാല്പത്തിയഞ്ച് മിനുട്ടാണ് നാടകത്തിന്‍റെ ദൈര്‍ഘ്യം. അനില്‍ നടക്കാവിന്റെതാണ്‌ നാടക രചന. സംഗീതം രാജേഷ്‌ പിലിക്കോട്‌. പുതിയ ബുദ്ധന്‍ എന്ന പുതിയ നാടകത്തിന്‍റെ പരിശീലനത്തിലാണ് നന്ദകുമാര്‍ ഇപ്പോള്‍.
തൃക്കരിപ്പൂര്‍: അത്തിയും ഇത്തിയും രുദ്രാക്ഷവുമുള്‍പ്പെടെ അപൂര്‍വയിനം ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ച് മാതൃകയാകുകയാണ് ആയിറ്റിയിലെ മുഹമ്മലി ആലപ്പി.രണ്ട് പതിറ്റാണ്ട് മുമ്പ് ആയിറ്റിയിലെ മണല്‍കുഴിയില്‍ ചരല്‍മണ്ണും ചുവന്ന മണലും നിറച്ച് കൃഷിക്കനുകൂലമാക്കിയാണ് സ്വന്തം വീട്ടുവളപ്പില്‍ ഔഷധ സസ്യങ്ങളുള്‍പ്പെടെ നൂറുകണക്കിന് മരങ്ങള്‍ പരിപാലിച്ചുപോരുന്നത്. മധ്യേഷ്യയില്‍ പ്രത്യേകിച്ച് അറേബ്യന്‍ നാടുകളിലും മണലാരണ്യങ്ങില്‍ മാത്രം കായ്ക്കുന്ന അത്തിയും ഔഷധച്ചെടികളായ ഇത്തി,രക്ചസ ചന്ദനം,വയമ്പ്,ബ്രഹ്മി,ഇന്തോനേഷ്യന്‍ മധുരപ്പുളി,പുത്തരിച്ചുണ്ട,ശംഖുപുഷ്പം,ആര്യവേപ്പ്,ശതാവരി തുടങ്ങിയവയും വന്‍മരങ്ങളാകുന്ന പേരാല്‍,ഞാവല്‍,മഞ്ചാടി എന്നിവയും ഇത്തിള്‍ വിഭാഗത്തില്‍പ്പെടുന്ന വിവിധ ചെടികളും താമര,ചെത്തി,നിശാഗന്ധി,എട്ടുതരം ചെമ്പരത്തികള്‍ ഇവയൊക്കെയും മുഹമ്മദലിയുടെ വീട്ടുവളപ്പിനെ ആകര്‍ഷകമാക്കുന്നു.ആകെയുള്ള 25 സെന്റ് ഭൂമിയില്‍ പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്.കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷനില്‍ കരാര്‍ ജോലിക്കായാണ് ആലപ്പുഴയില്‍ നിന്നും മൂന്നര പതിറ്റാണ്ട് മുമ്പാണ് ഇദ്ദേഹം മലബാറിലെത്തിയത്.വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ കൊച്ചു ലൈബ്രറിയും ഒന്നര ഇഞ്ച് മാത്രം വലുപ്പമുള്ള ഖുറാനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. പടം--- മുഹമ്മദലി ആലപ്പി തന്റെ വീട്ടുവളപ്പിലെ അത്തിമരത്തിനു സമീപം
കാലിക്കടവ്: കടാങ്കോട്ട് മാക്കത്തിന്റെയും മക്കളുടെയും കഥ പറയുന്ന ''മാക്കവും മക്കളും" എന്ന ഡ്രാമാറ്റിക് വില്‍ക്കലാമേളയില്‍ മാക്കമായി വേദിയിലെത്തി ധനേഷ് നൂറ്റി ഇരുപത് വേദികള്‍ പിന്നിട്ടു. പിലിക്കോട് വറക്കോട്ട് വയല്‍ സ്വദേശിയാണ് കുന്നുംപുറം ദേശീയ കലാസമിതിയുടെ വില്‍ക്കലാ മേളയില്‍ ആസ്വാദകരുടെ പ്രശംസ പിടിച്ച് പറ്റുന്ന ഈ ഇരുപത്തിയാറുകാരന്‍. പാതിവ്രത്യം മരണം വരെ കാത്ത് സൂക്ഷിച്ചിട്ടും അപമാന ഭാരമേല്ക്കേണ്ടി വരികയും ഒടുവില്‍ ചതിയില്‍ പെട്ട് കൊല്ലപ്പെടുകയും ചെയ്ത ചരിത്രമാണ് കടാങ്കോട്ട് മാക്കത്തിന്റെത്. ദൈവക്കരുവായി മാറിയ മാക്കത്തിന്റെയും മക്കളുടെയും കഥയാണ് നാടകീയത കൂടി നല്‍കി വില്‍ക്കലാമേളയായി അവതരിപ്പിക്കുന്നത്‌. മൂന്നു വര്‍ഷം മുന്‍പാണ് ധനേഷ് കലാ സമിതിയില്‍ എത്തുന്നത്. അന്ന് വില്‍ക്കലാമേളയില്‍ ആര്‍ട്ട് വര്‍ക്കായിരുന്നു നല്ലൊരു ചിത്രകാരന്‍ കൂടിയായ ധനേഷിന്റെ ജോലി. പക്ഷെ അഭിനയത്തിലുള്ള ഈ കലാകാരന്റെ കഴിവ് തിരിച്ചറിഞ്ഞ കലാസമിതി പ്രവര്‍ത്തകര്‍ ധനേഷിനെ വില്‍ക്കലാമേളയിലെ പ്രധാന കഥാപാത്രമാക്കി മാറ്റുകയായിരുന്നു. ഒരുകാലത്ത് ഏറെ പ്രചാരത്തിലിരുന്നതും എന്നാല്‍ കാലമാറ്റത്തില്‍ പ്രചാരം കുറഞ്ഞ വന്നതുമായ കലാരൂപമാണ്‌ വില്‍ക്കലാമേള. ഇത്തരത്തിലൊരു കലാരൂപത്തെ ഒരിക്കല്‍ കൂടി ജന ഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും, ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതും വലിയ ഭാഗ്യമായി കാണുകയാണ് ഈ കലാകാരന്‍. പിലിക്കോട് വറക്കോട്ട് വയലിലെ കെ പി ദാമോധരന്റെയും. കെ പി ഓമനയുടെയും മകനാണ് ധനേഷ്.
കാലിക്കടവ്:കൂട്ടുകാരാ ..എന്ന് ഉറക്കെ വിളിക്കാന്‍ സംസാരശേഷിയില്ലെങ്കിലും അതിന്‍റെ വിഷമതകളില്‍ ഒതുങ്ങി നില്‍ക്കാതെ സൌഹൃദത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.ഇവരുടെ സൌഹൃദത്തിന് കരുത്ത് പകരുന്നതാകട്ടെ ആധുനിക സാങ്കേതിക വിദ്യയുടെ അടയാളമായ മൊബൈലും.സംസാര ശേഷിയില്ലാത്തവര്‍ക്ക് മൊബൈല്‍ കൊണ്ട് എന്ത് കാര്യം എന്ന് ആരും ചിന്തിക്കേണ്ട.വിളിക്കാനും പറയാനും ആകില്ലെങ്കിലും അതിലൂടെയുള്ള എസ്.എം.എസ് കളാണ് ഇന്നിവരുടെ സൌഹൃദത്തിന്റെ കരുത്ത്.ആറുപേരടങ്ങുന്ന ഈ സൗഹൃദ കൂട്ടത്തിന്‍റെ കഥയിങ്ങനെ ...... പടന്നക്കടപ്പുറം ഗവ:ഫിഷറീസ്‌ ഹയര്‍ സെക്കണ്ടറിയിലെ എല്‍ഡി ക്ലര്‍ക്കായ കൈതക്കാടെ എ.സി മുഹമ്മദ്‌ റഷീദ്‌,ജിംനേഷ്യത്തില്‍ മാസ്റ്ററായ പടന്നയിലെ ഷഹീദലി,അലമാര നിര്‍മ്മാണ തൊഴിലാളിയായ വെള്ളച്ചാലിലെ വി സുമേഷ്‌,നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തില്‍ എല്‍ഡി ക്ലര്‍ക്കായ അല്‍ അമീന്‍,ഖത്തറില്‍ ജോലി ചെയ്യുന്ന കൈതക്കാട്ടെ ദാവൂദ്‌,പടന്നയില്‍ തുന്നല്‍ തൊഴിലാളിയായ സാക്കീര്‍ എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.കാസര്‍ഗോഡ്‌ മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ പഠന കാലത്താണ് ഇവരുടെ സൌഹൃദം തുടങ്ങുന്നത്.വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഈ ബന്ധത്തിന് ഒരു പോറലും ഏറ്റിട്ടില്ല. എല്ലാ ഞായറാഴ്ചയും കാഞ്ഞങ്ങാടാണ് ഇവരുടെ പതിവ്‌ ഒത്തുചേരല്‍.ഉച്ചവരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളി.പിന്നെ ഒരുമിച്ചിരുന്ന് ഭക്ഷണം.പിന്നീട് ഇവരുടേതായ ഭാഷയില്‍ ഏറെ നേരം സംസാരം.സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഇവിടെ പങ്കുവയ്ക്കപ്പെടുന്നു.സമകാലിക സംഭവവികാസങ്ങളും ചര്‍ച്ചയില്‍ സജീവ വിഷയമാകുന്നു ജില്ലാ ബധിര അസോസിയേഷനിലെ അംഗങ്ങളാണ് ഇവരെല്ലാം.ഇനി ശേഷിക്കുന്നവരെ കൂടെ സര്‍ക്കാര്‍ ജോലിയില്‍ എത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ ലക്‌ഷ്യം.ഇതിനായി കൃത്യമായി അപേക്ഷകള്‍ നല്‍കുന്നു.പിന്നെ ഒന്നിച്ചുള്ള പരിശീലനവും.ശേഷിക്കുന്നവര്‍ കൂടെ ഉടന്‍ തന്നെ സര്‍ക്കാര്‍ ജോലിയില്‍ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാര്‍ണിവെല്‍ കാണാന്‍ ഇവര്‍ എല്ലാവരും കഴിഞ്ഞ ദിവസം കാലിക്കടവിലെത്തി...ഇനി മെയ്‌ 15 ന് അവധിക്കാലം ആഘോഷിക്കാന്‍ കൊച്ചിയിലേക്ക് ...ഇവരുടെ സൌഹൃദവും സന്തോഷവും എന്നും നിലനില്‍ക്കട്ടെ ... തയ്യാറാക്കിയത്:ബാലന്‍
ഉദിനൂര്‍ : പാരമ്പര്യം കൈവിടാതെ അസുരരാജാവായ ദാരികന്റെ പ്രതിരൂപമൊരുക്കി വെളുത്തേടത്ത് കുറുപ്പ്. ഉദിനൂര്‍ ക്ഷേത്രപാലക് ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ഭാഗമായാണ് കാളരാത്രി അമ്മ വധിച്ച ദാരിക രൂപം ഒരുക്കുന്നത്.കാളരാത്രി അമ്മയുടെ തിരുനടയില്‍ മറതീര്‍ത്ത് പാട്ടുകൂട്ടിനകത്ത് ദേവിയുടെ വിഗ്രഹത്തിന് നേര്‍വിപരീതമായാണ് ദാരികന്റെ സങ്കല്‍പരൂപം ഒരുക്കുന്നത്. അലക്കി കഞ്ഞിപ്പശതേച്ച് വടിവൊത്ത പ്രത്യേക തുണികൊണ്ടാണ് ദാരികന്റെ തിരുമുടി ഉണ്ടാക്കുന്നത്. ഓടുകൊണ്ടുള്ള മുഖവും ചാന്ദ്രക്കലയും ചാര്‍ത്തിയ ദാരികന്റെ പ്രതീകാത്മക രൂപപ്രതിഷ്ഠ ആചാരപ്രൗഢിയില്‍ ഇന്നും തുടരുന്നു.പാട്ടുത്സവ നാളുകളില്‍ ദിവസവും പ്രതീകാത്മക ധാരികവധവും നടക്കാറുണ്ട്. രാവിലെ തിരുവായുധം എഴുന്നള്ളത്തിന് ശേഷം കുറുപ്പ് ദാരികന്റെ ഓട്ടുമുഖം അഴിച്ചെടുത്താണ് സങ്കല്‍പവധം നടത്തുന്നത്. ശേഷം തന്ത്രി കലശാട്ട് നടത്തി ഉച്ചപൂജ നടത്തുന്നത്. ഒന്നാംപാട്ടിന് തലേദിവസം ക്ഷേത്രത്തിന് സമീപത്തെ വെളുത്തേടത്ത് തറവാട്ടില്‍ വച്ചാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.ഉത്സവംകഴിഞ്ഞ് അടുത്ത ഉത്സവംവരെയുളള കാലം ഈ തറവാട്ടിലാണ് ദാരികരൂപമൊരുക്കുന്ന തുണി സൂക്ഷിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തികളായ കാളരാത്രി അമ്മയ്ക്കും ക്ഷേത്രപാലകനീശ്വരനും ചാര്‍ത്താനുള്ള തിരുഉടയാട (അലക്കിത്തേച്ച വസ്ത്രം) ഒരുക്കുന്നതിനുള്ള അവകാശവും വെളുത്തേടത്ത് തറവാട്ടുകാര്‍ക്കാണ്. വര്‍ഷങ്ങളായി ഗാരികന്റെ തിരുമുടിയും ദേവീദേവന്മാര്‍ക്കുള്ള തിരുഉടയാടയും ഒരുക്കുന്നത് തറവാട്ടിലെ മൂത്തകാരണവരായ വി അപ്പുവൈദ്യരാണ്.തങ്ങളെ നിരന്തരം ശല്യംചെയ്യുന്ന ദാരികനെന്ന അസുരനെ വധിക്കണമെന്ന ദേവന്മാരുടെ ആവശ്യത്തെതുടര്‍ന്ന് പരമശിവന്‍ കാളരാത്രിയായി അവതരിച്ച് ദാരിക നിഗ്രഹം നടത്തിയെന്നാണ് പുരാണേതിഹാസങ്ങള്‍ പറയുന്നത്.ഭൂമിയില്‍നിന്നും വധിക്കാന്‍കഴിയില്ലെന്ന് ദാരികന്‍ നേടിയ വരത്തെ വെല്ലാന്‍ വേതാളത്തിന്റെ നാവില്‍വെച്ചാണ് കാളി ദാരിക നിഗ്രഹം നടത്തിയത്. കടപ്പാട്: രാഹുല്‍ ഉദിനൂര്‍
First <<  1 2 3   >> Last

.. ..