home
Total Visiters: 
ചെറുവത്തൂര്‍:കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ വീടുകള്‍ തോറുമേത്തിയ കര്‍ക്കടക തെയ്യങ്ങള്‍ ചിങ്ങ സംക്രമ ദിനത്തില്‍ അരങ്ങൊഴിഞ്ഞു. കുട്ടമത്ത് പൊന്‍മാലത്ത് വീടുകളിലെത്തിയ തെയ്യത്തെ പ്രത്യേക ചടങ്ങുകളോടെ വീട്ടിലുള്ളവര്‍ വരവേറ്റു. പരമേശ്വരനും, പാര്‍വതിയുമായിബന്ധപ്പെട്ടതാണ്ഈ തെയ്യത്തിന്റെ ഐതിഹ്യം.പാശുപതാസ്ത്രത്തിനായിതപസ്സു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമേശ്വരനും പാര്‍വതിയും വേടനും ,വേടത്തിയും ആയി പ്രത്യക്ഷപ്പെട്ട കഥയാണ് ആടി-വേടന്‍ തെയ്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത്. വീക്ക് ചെണ്ടയുടെ അകമ്പടിയോടെ തെയ്യം വീട്ടു മുറ്റത്തെത്തുമ്പോള്‍ വീട്ടിലുള്ളവര്‍ പടിഞ്ഞാറ്റയ്ക്കകത്ത് ദീപം തെളിയിക്കും. തെയ്യം ആടിക്കോട്ടെ'' എന്ന ചോദ്യത്തോടെ വീട്ടിലുള്ളവരുടെ അനുവാദം വാങ്ങി തെയ്യം വീട്ടുമുറ്റത്ത് ആടുന്നു. കയ്യിലെ മണി കിലുക്കിയാണ് തെയ്യാട്ടം. കൊച്ചു കുട്ടികളെ ചെറിയൊരു കിരീടവും ,ഉടുത്തുകെട്ടും ,മുഖത്തെഴുത്തും കൊണ്ട് -അണിയിച്ചൊരുക്കിയതാണ് കുട്ടിത്തെയ്യത്തിന്റെ വേഷം. എന്നാല്‍ ഈ തെയ്യങ്ങള്‍ കെട്ടാന്‍ കുട്ടികളില്ലെന്ന് തെയ്യക്കാര്‍ പറയുന്നു. സ്കൂളില്‍ നിന്നും അവധിയെടുത്ത് തെയ്യം കെട്ടാന്‍ കുട്ടികളില്‍ പലരും തയ്യാറല്ല. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ് പലയിടങ്ങളിലും കുട്ടിത്തെയ്യങ്ങളുടെ യാത്ര. വരുമാനത്തിനപ്പുറം തെയ്യക്കാരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ഭാഗം കൂടിയാണിത് . അതിനാലാണ് മുതിര്‍ന്ന കുട്ടികളെയെങ്കിലും കെട്ടി പലരും ഇത് നിര്‍വഹിച്ചു പോരുന്നത്. മലയന്‍ സമുദായത്തില്‍ പെട്ടവരാണ് വേടന്‍ തെയ്യത്തെ കെട്ടിയാടുന്നത്.കര്‍ക്കടകം കഴിയുമ്പോള്‍ ചിങ്ങത്തില്‍ ഓണത്താര്‍ എന്ന കുട്ടിത്തെയ്യം വരവാകും. തെയ്യക്കാലമല്ലാത്ത വര്‍ഷകാലത്ത് തെയ്യം കലാകാരന്മാരുടെ യാതനയ്ക്ക് ചെറിയൊരാശ്വാസമാണ് ഈ തെയ്യങ്ങള്‍
കാലിക്കടവ് : വൃശ്ചികം പിറന്നതോട് കൂടി ഉത്തരമലബാറില്‍ വീണ്ടുമൊരു പാട്ടുത്സവ കാലത്തിന് കൂടി തുടക്കമായി. പൂരോത്സവവും, തെയ്യവും പോലെ പ്രധാനമാണ് വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളിലും ,കഴകങ്ങളിലും , കാവുകളിലുമെല്ലാം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടക്കുന്ന പാട്ടുത്സവം. വൃശ്ചികം മുതല്‍ മകരമാസം വരെ നീണ്ടു നില്‍ക്കുന്നതാണ് പാട്ടുത്സവം. തുലാം പത്തിന് ആരംഭിച്ച കളിയാട്ടക്കാലത്തിനുള്ള ചെറിയൊരു ഇടവേള കൂടിയാണ് ഇത്. ദൈവത്തിന്‍റെ അനുഗ്രഹത്തിന് വേണ്ടി മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ കുറിച്ചാണ് പാട്ടുത്സവം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം പോലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒരു മാസത്തെ പാട്ടുത്സവം നടക്കുന്നുണ്ട്. ദേവിക്ക് ഗാനാര്‍ച്ചന നടത്തുന്നതിന് ഓരോ ഇടങ്ങളിലും അവകാശമുള്ള സമുദായക്കാരുണ്ട്. തെയ്യം പാടികള്‍ , കുറുപ്പന്‍ മാര്‍, കണിയാന്‍ മാര്‍, തീയ്യാട്ടുണ്ണികള്‍ എന്നിവര്‍ പാട്ടു സമുദായക്കാരാണ്. ചിലയിടങ്ങളിലെങ്കിലും പാട്ട് പാടുക എന്നത് നിലച്ചു പോയിട്ടുണ്ട്. കളത്തില്‍ അരിയിടല്‍ ചടങ്ങോടെയാണ് പാട്ടുത്സവത്തിന് സമാപനമാവുക. പാട്ടുത്സവ ദിനങ്ങളില്‍ ഭക്തര്‍ ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തും. ഫയല്‍ ഫോട്ടോ
കാലിക്കടവ്:''ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു ചന്ദ്രിക മെയ്യില്‍ പരക്കയാലെ പാലാഴി വെള്ളത്തില്‍ മുങ്ങി നിന്നീടുന്ന നീലാഭമായൊരു ശൈലം പോലെ ......... ചിങ്ങമാസം വന്നതോടെ ആലാപന ഭംഗിയോടെ ഹൈന്ദവ ഭവനങ്ങളിലും,ക്ഷേത്രങ്ങളിലും ഇനി കൃഷ്ണപ്പാട്ടിന്‍റെ ഈണമുയരും. കൃഷ്ണ ഭഗവാന്‍റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുകയാണ് കൃഷ്ണപ്പാട്ടിലൂടെ. കര്‍ക്കടകത്തിലെ രാമായണം സന്ധ്യാസമയങ്ങളില്‍ ആണെങ്കില്‍ പ്രഭാതങ്ങളിലാണ് കൃഷ്ണപ്പാട്ട് പാരായണം.മലയാളത്തിലെ ഉത്തമകാവ്യങ്ങളില്‍ വച്ച് എല്ലാം കൊണ്ടും അദ്വിതീയ സ്ഥാനമാണ് ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനുള്ളത്. ഭാഷയിലെ ഭക്തി കാവ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൃഷ്ണപ്പാട്ട് ഒരു കാലത്ത് ഒട്ടുമിക്ക പാരായണം ചെയ്തിരുന്നു.പിലിക്കോട് ഗ്രാമത്തില്‍ പലവീടുകളിലും,ചില ക്ഷേത്രങ്ങളിലും ഇപ്പോഴും പതിവ് തെറ്റിക്കാതെ കൃഷ്ണലീലകള്‍ പാടിപ്പുകഴ്ത്തുന്നു. ചിങ്ങമാസം മുഴുവനും ഈ പാരായണം തുടരുന്നു.
കാലിക്കടവ്: നീലേശ്വരം മന്ദംപുറത്ത് കാവില്‍ കലശോത്സവത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ ഉത്തരമലബാറില്‍ ഒരു കളിയാട്ടക്കാലം കൂടി വിടപറയുന്നു.തുലാം പത്ത് മുതല്‍ കളിയാട്ടക്കാവുകളില്‍ നിന്നും കളിയാട്ടക്കാവുകളിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന തെയ്യാട്ടക്കാര്‍ക്ക് ഇനി വിശ്രമകാലം.പിലിക്കോടും പരിസര പ്രദേശങ്ങളിലും ഈ വര്‍ഷത്തെ കളിയാട്ടങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാ വര്‍ഷവും നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ കളിയാട്ടത്തോടെ തുലാമാസം പത്താം തീയ്യതിയാണ് കളിയാട്ടക്കാലത്തിന് തുടക്കമാവുന്നത്. പിന്നീട് ആറുമാസക്കാലം നീളുന്ന തെയ്യക്കാലത്തിനാണ് ഇടവം പാതിയില്‍ നീലേശ്വരത്ത് തന്നെ സമാപനമാകുന്നത്. മുന്‍പൊക്കെ തെയ്യമില്ലാക്കാലം തെയ്യക്കാര്‍ക്ക് കടുത്ത വറുതിയുടെതായിരുന്നു. ഇന്നാ സ്ഥിതിക്ക് ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. അടുത്ത തെയ്യക്കാലത്തോട് അടുക്കുമ്പോള്‍ തെയ്യക്കാരെല്ലാം ഒത്തു ചേര്‍ന്ന്‌ അടുത്ത വര്‍ഷത്തേക്കുള്ള അണിയലങ്ങള്‍ ഒരുക്കും. തെയ്യാട്ടക്കാവുകളില്‍ ചിലമ്പൊലിയും, വരവിളിയും, ചെണ്ടമേളവും ഉയരുന്ന തെയ്യക്കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് തെയ്യക്കാര്‍ക്ക് വരാനിരിക്കുന്ന മഴക്കാലം.
കാലിക്കടവ്; പിലിക്കോട് മല്ലക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രില്‍ 27,28 തീയ്യതികളില്‍ നടക്കും. 27 ന് 7മണിക്ക് തിടങ്ങല്‍., തുടര്‍ന്ന് അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ടി, വിഷ്ണു മൂര്‍ത്തി തെയ്യങ്ങളുടെ തോറ്റം. 28 ന് രാവിലെ 6 മണിക്ക് പടവീരന്‍ തെയ്യം . 9 മണിമുതല്‍ അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ടി തെയ്യക്കോലങ്ങളുടെ പുറപ്പാട്. 12 മണിക്ക് വിഷ്ണു മൂര്‍ത്തി അരങ്ങിലെത്തും. കളിയാട്ട ഭാഗമായി 27 ന് രാത്രി 7.30 ന് നൃത്ത നിലാവും, തുടര്‍ന്ന് കോറോം നെന്മണി കൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും അരങ്ങേറും
പൂവിളി ... പൂരക്കളി... പൂരം കുളി . വടക്കന്‍ കേരളത്തിലെ പൂരാഘോഷത്തിന് ചന്തം ചാര്‍ത്തുന്ന കാഴ്ചകള്‍ ഏറെയാണ്‌...., ഈ വര്‍ഷത്തെ പൂരാഘോഷത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങുകയാണ്. മാര്‍ച്ച് 17 ന് കാര്‍ത്തിക ദിനം. പിലിക്കോട് രയരമംഗലത്ത് പൂരക്കാഴ്ച്ചകള്‍ നിറയുന്ന ദിനം..... അന്ന് മുതല്‍ തന്നെ നാടെങ്ങും പൂരാഘോഷം തുടങ്ങും...ഇതാ വടക്കന്‍ കേരളത്തിലെ പൂര വിശേഷങ്ങള്‍ .. ആഘോഷത്തിന്റെ ആഹ്ലാദത്തിമിര്‍പ്പോടെ നാടെങ്ങും പൂരപ്പൂക്കള്‍ മിഴിതുറന്നു. പൂരമെന്ന് കേട്ടാല്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക തൃശ്ശൂര്‍ പൂരമാണ്‌..., മേളപ്പെരുക്കങ്ങളും, കരിമരുന്നു പ്രയോഗവും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും നിറയുന്ന തെക്കിന്റെ പൂരത്തില്‍ നിന്നും വ്യത്യസ്തമായി വടക്കിന്റെ പൂരത്തിന് സവിശേഷതകള്‍ ഏറെയാണ്‌.., വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വ്വരതയുടെ കാലം കൂടിയാണ്. മീന മാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പത് നാളുകളിലാണ്‌ ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്. കാര്‍ത്തിക നാളിലാണ് മറ്റിടങ്ങളില്‍ പൂരത്തിന്റെ ആരംഭം. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍......, പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്കാനുണ്ടാകും. പൂര ദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. അന്ന് കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും... നേരത്തെ കാലത്തെ വരണെ കാമാ.... എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയാക്കുക... പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്മാര്‍ ഏറ്റെടുത്തതാണത്രേ. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം. രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര്‍ കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വിദ്വല്‍സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്
കാലിക്കടവ്: ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പൂരോത്സവം നടന്നു വരുന്ന പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടക്കും. പൂരോത്സവത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ പൂവിട്ട വിളക്ക് ദിനത്തില്‍ വൈകുന്നേരമാണ് സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടക്കുക. മാര്‍ച്ച് 11,12 തീയ്യതികളിലായാണ് ഇത്തവണ പൂവിട്ടവിളക്ക് മഹോത്സവം നടക്കുന്നത്. ഇതാദ്യമായാണ് ഇവിടെ വിളക്ക് പൂജ നടത്തുന്നത്. കാര്‍ത്തിക വിളക്ക് മാര്‍ച്ച് 17, 18 തീയ്യതികളിലായി നടക്കും
കാലിക്കടവ്: രണ്ട് ദിവസങ്ങളിലായി നടന്നു വന്ന പിലിക്കോട് പാലാട്ട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനം . കളിയാട്ടത്തിന്‍റെ സമാപന ദിവസം പുലര്‍ച്ചെ മുതല്‍ പാലാടന്‍ ദൈവം, വൈരജാതന്‍ തിറ, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണു മൂര്‍ത്തി, വേങ്ങക്കോട്ട് ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. നിരവധി ഭക്തര്‍ തെയ്യങ്ങളെ ദര്‍ശിക്കാനും അനുഗ്രഹങ്ങള്‍ എറ്റുവാങ്ങാനും നിരവധി ഭക്തരെത്തി.
കാലിക്കടവ് : അങ്കക്കുളങ്ങര ഭഗവതിയുടെ ആരൂഡസ്ഥാനമായ മഞ്ഞത്തൂര്‍ കാവ് അങ്കക്കുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 13, 14 തീയ്യതികളില്‍ നടക്കും. 13 ന് രാവിലെ കലവറ നിറയ്ക്കല്‍ രാത്രി എട്ടുമണിക്ക് അങ്കക്കുളങ്ങര ഭഗവതിയുടെ തോറ്റം. 14 ന് രാവിലെ 11 മണിക്ക് അങ്കക്കുളങ്ങര ഭഗവതി അരങ്ങിലെത്തും. 13 നു രാത്രി 9.30 ന് കണ്ണൂര്‍ സിംഫണി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും
ചെറുവത്തൂര്‍:; മയ്യിച്ച -വെങ്ങാട്ട് വയല്‍ക്കര ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടെയാണ്‌ ഡിസംബര്‍ 9 വരെ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായത്. പാട്ടുത്സവ ഭാഗമായി എല്ലാ ദിവസവും രാത്രി ഒന്‍പതു മണിക്ക് എഴുന്നള്ളത്ത്‌ നടക്കും. വാല്യക്കാരുടെ ഉത്സവമായ 6 ന് കാഴ്ച വരവ് നടക്കും. സമാപന ദിവസമായ ഒന്‍പതിന്‌ ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ അന്നദാനം നടക്കും .കളത്തില്‍ അരിയിടല്‍ ചടങ്ങിന് ശേഷം നടക്കുന്ന തേങ്ങയേറ് ,തേങ്ങ പിടിക്കല്‍ ചടങ്ങോടെ പാട്ടുത്സവത്തിന് സമാപനമാകും
കാലിക്കടവ് : വൃശ്ചികം പിറന്നതോട് കൂടി ഉത്തരമലബാറില്‍ വീണ്ടുമൊരു പാട്ടുത്സവ കാലത്തിന് കൂടി തുടക്കമായി. പൂരോത്സവവും, തെയ്യവും പോലെ പ്രധാനമാണ് വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളിലും ,കഴകങ്ങളിലും , കാവുകളിലുമെല്ലാം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടക്കുന്ന പാട്ടുത്സവം. വൃശ്ചികം മുതല്‍ മകരമാസം വരെ നീണ്ടു നില്‍ക്കുന്നതാണ് പാട്ടുത്സവം. തുലാം പത്തിന് ആരംഭിച്ച കളിയാട്ടക്കാലത്തിനുള്ള ചെറിയൊരു ഇടവേള കൂടിയാണ് ഇത്. ദൈവത്തിന്‍റെ അനുഗ്രഹത്തിന് വേണ്ടി മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ കുറിച്ചാണ് പാട്ടുത്സവം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം പോലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒരു മാസത്തെ പാട്ടുത്സവം നടക്കുന്നുണ്ട്. ദേവിക്ക് ഗാനാര്‍ച്ചന നടത്തുന്നതിന് ഓരോ ഇടങ്ങളിലും അവകാശമുള്ള സമുദായക്കാരുണ്ട്. തെയ്യം പാടികള്‍ , കുറുപ്പന്‍ മാര്‍, കണിയാന്‍ മാര്‍, തീയ്യാട്ടുണ്ണികള്‍ എന്നിവര്‍ പാട്ടു സമുദായക്കാരാണ്. ചിലയിടങ്ങളിലെങ്കിലും പാട്ട് പാടുക എന്നത് നിലച്ചു പോയിട്ടുണ്ട്. കളത്തില്‍ അരിയിടല്‍ ചടങ്ങോടെയാണ് പാട്ടുത്സവത്തിന് സമാപനമാവുക. പാട്ടുത്സവ ദിനങ്ങളില്‍ ഭക്തര്‍ ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തും.
കാലിക്കടവ്: പിലിക്കോട് കരക്കക്കാവ്‌ ഭഗവതീക്ഷേത്രത്തില്‍ വൃശ്ചിക സംക്രമദിനത്തില്‍ പരമ്പരാഗത ചടങ്ങുകളോടെ കൂട്ടായ്മാറല്‍., ക്ഷേത്രത്തിലെ രാഘവന്‍ വെളിച്ചപ്പാടന്‍ അരങ്ങിലായി മൂന്ന് തവണ പേര് ചൊല്ലി വിളിച്ചതോടെ ചെറവങ്ങാട്ട് വെളുത്തമ്പു, കാഞ്ഞിരിക്കീല്‍ ലക്ഷമണന്‍ എന്നിവര്‍ കൂട്ടായ്ക്കാരായി ചുമതലയേറ്റു. അടുത്ത വൃശ്ചിക സംക്രമദിനം വരെ അടിയന്തരാദി ചടങ്ങുകള്‍ക്കുള്ള ചുമതല ഇവര്‍ക്കായിരിക്കും. ഇതിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ കൂട്ടായ്മയോടെ 'ഉണ്ടുലിങ്ങ' അപ്പമൊരുക്കി. ഏറെ സവിശേഷതകള്‍ നിറഞ്ഞ ചടങ്ങുകളോടെയാണ് ഈ അപ്പമൊരുക്കുന്നത്. പുന്നെല്ലിന്‍ അരി ഉരലും ഉലക്കയും ഉപയോഗിച്ചാണ് പൊടിച്ചെടുക്കുന്നത്. സംക്രമദിനത്തില്‍ പുലര്‍ച്ചെ തന്നെ ഇതാരംഭിക്കുന്നു. ക്ഷേത്രത്തിന്‍റെ നാല് ഊരുകളായ കരക്കേരു, മല്ലക്കര, കണ്ണങ്കൈ, അരയാക്കീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാല്യക്കാരും, സ്ത്രീകളും അപ്പനിര്‍മ്മാണത്തിനായി ക്ഷേത്രത്തിലെത്തി . ക്ഷേത്രത്തിലെ കൂട്ടായ്ക്കാര്‍ വീടുകളില്‍ നിന്നും ശേഖരിച്ച നെല്ലാണ് അരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഏറെ ശ്രമകരമായ ജോലിയാണ് ഉരലില്‍ അരി പൊടിച്ചെടുക്കുകയെന്നത്. ഇങ്ങനെ പൊടിച്ച്‌ എടുക്കുന്ന അരി കുഴച്ചെടുത്ത് അതില്‍ പഴം ശര്‍ക്കര എന്നിവ ചേര്‍ത്താണ് ചേരുവയുണ്ടാക്കുന്നത്. വലിയ വട്ടളങ്ങളില്‍ ചെറിയ ഉരുളകളാക്കിയ മാവ്‌ ചുട്ടെടുക്കുന്നു. ഉറപ്പേറിയ അപ്പമായതിനാല്‍ ഇത് കടിച്ചുപൊട്ടിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ കടിച്ചാല്‍ പൊട്ടാത്ത അപ്പമെന്നും ഇതറിയപ്പെടുന്നു. രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം അപ്പം വിതരണം ചെയ്യും. ഫോട്ടോ: രചന ബാബു
ചെറുവത്തൂര്‍:; കയ്യൂര്‍ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം ഒറ്റക്കോല മഹോത്സവത്തിന് സമാപനമായി. ഞായറാഴ്ച പുലച്ചെ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം നടന്നു. ചെറളത്ത് ഭഗവതി (കണ്ടത്തിലമ്മ), രക്തചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, മേച്ചേരി ചാമുണ്ഡി, പനിയന്‍ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി ഫോട്ടോ :കയ്യൂര്‍ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം ഒറ്റക്കോല മഹോത്സവ ഭാഗമായി കെട്ടിയാടിയ കണ്ടത്തിലമ്മ
കാലിക്കടവ് : പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി . അടയാളം കൊടുക്കല്‍. ചടങ്ങിന് ശേഷം വെള്ളാട്ടം അരങ്ങിലെത്തി. രാത്രി വിഷ്ണു മൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങളുടെ തോറ്റം. 9 ന് രാവിലെ മുതല്‍ പടവീരന്‍, വിഷ്ണു മൂര്‍ത്തി, ചൂളിയാര്‍ ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 2.30 ന് പ്രധാന ആരാധനാമൂര്‍ത്തിയായ മൂവാളംകുഴി ചാമുണ്ഡി അരങ്ങിലെത്തും. തുടര്‍ന്ന് ഗുളികന്‍ തെയ്യവും കെട്ടിയാടും. ഉച്ചയ്ക്ക് 12 മണിമുതല്‍ അന്നദാനവും ഉണ്ടാകും.
First <<  1 2 3 4 5 6 7   >> Last