home
Total Visiters: 
ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാട് സമയത്ത് ചീനിക്കുഴല്‍ നാദത്തിന് പ്രഥമ സ്ഥാനമാണുള്ളത്. ഈ സമയത്ത് വീക്ക് ചെണ്ടയ്ക്കൊപ്പം ചീനിക്കുഴലില്‍ ബിലഹരി രാഗം മുഴങ്ങും. പിന്നീട് ഓരോ പ്രദക്ഷിണ വഴിയിലും നൃത്തചുവടുകള്‍ക്ക് അകമ്പടിയായി നീലാംബരിയും,തോടിയും മോഹനവും ഒഴുകിയെത്തും. പാതിരാത്രി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി താഴുമ്പോള്‍ ശുഭ പന്തുവരാളിയോ,രേവതിയോ, ശിവരഞ്ജിനിയോ ഭക്തരെ കണ്ണീരണിയിക്കും. മുപ്പത് വര്‍ഷത്തിന് ശേഷം ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ വന്നെത്തിയ പെരുങ്കളിയാട്ടത്തില്‍ ഭഗവതിയുടെ നൃത്തത്തിന് ഭാവം പകരുന്നത് മനോഹരന്‍ മാട്ടൂല്‍ വായിക്കുന്ന ചീനിക്കുഴല്‍ നാദമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ നൂറിലധികം പെരുങ്കളിയാട്ടങ്ങളിലും, അതിലേറെ കലാപരിപാടികളിലും ചീനിക്കുഴലില്‍ നാദ വിസ്മയം തീര്‍ത്തു കഴിഞ്ഞു ഈ 42 കാരന്‍‍. ക്ഷേത്ര സന്നിധികളില്‍ മാത്രം ഒതുങ്ങുന്നതല്ല മനോഹരന്റെ ചീനിക്കുഴല്‍ സംഗീതം. അമേരിക്ക, ഫ്രാന്‍സ്,സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി എന്നീ രാജ്യങ്ങളിലും മനോഹരന്‍ കലാപ്രകടനവുമായി എത്തിക്കഴിഞ്ഞു. പന്ത്രണ്ടാം വയസ്സിലാണ് ഇദ്ദേഹം ഈ മേഖലയിലേക്ക് കടന്നു വരുന്നത്. പിതാവ് പുരുഷോത്തമന്‍ പണിക്കരും, മുത്തച്ഛന്‍ കണ്ണന്‍പള്ളി പെരുമലയനുമാണ് ഗുരുക്കന്മാര്‍. ശാസ്ത്രീയമായി തന്നെ ചീനിക്കുഴല്‍ വായന അഭ്യസിച്ച മനോഹരന് ഓരോ രാഗങ്ങളെ കുറിച്ചും കൃത്യമായ ധാരണയുണ്ട്. സ്വരസ്ഥാനം ചെറുതായൊന്ന് പിഴച്ചാല്‍ രാഗങ്ങള്‍ തന്നെ മാറിപ്പോകുന്ന സംഗീതോപകരണമാണ് ചീനക്കുഴല്‍. കഴിവ് തെളിയിച്ച കലാകാരനായിട്ട് കൂടി ഇന്നേവരെ അവാര്‍ഡുകളൊന്നും മനോഹരനെ തേടി തേടിയെത്തിയിട്ടില്ല. ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് വലിയ അംഗീകാരമെന്ന് ഈ അനുഗ്രഹീത കലാകാരന്‍ കരുതുന്നു. ഫോട്ടോ :അനീഷ്‌ ഫോക്കസ്
ചെറുവത്തൂര്‍: മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് പരിസമാപ്തി. കണ്‍നിറയെ കാണാന്‍, കണ്ടുതൊഴാന്‍ അമ്മ തമ്പുരാട്ടിയിന്ന് ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ തിരുനടനം ചെയ്യും. ഉച്ചയ്ക്ക് 12.20 നും 12.50 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയുയരുക. ഈ ദര്‍ശന സൌഭാഗ്യം തേടി ഭക്തജന സഞ്ചയം ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തും. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിന്റെ കന്നിമൂലയിലെ കൈലാസക്കല്ലിനരികിലാണ് മുച്ചിലോട്ടമ്മയുടെ തിരുമുടിയുയരുക. ചീനിക്കുഴല്‍ സംഗീതത്തിന്റെയും, വീക്ക് ചെണ്ടയുടേയും അകമ്പടിയോടെ മണങ്ങിയും, നിവര്‍ന്നും അമ്മ അവതാരനടനമാടും. ഭഗവതിയുടെ പ്രദക്ഷിണവഴിയില്‍ ഭക്തരുടെ ഓംകാര നാദമുയരും. മൂന്ന്‍ പ്രദക്ഷിണങ്ങള്‍ക്ക് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ മണിക്കിണര്‍ നോട്ടവും ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമാകും. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ശ്രീകോവിലിന്റെ ഇശാനകോണിലുള്ള കിണറിലേക്ക് തിരുമുടി നിവര്‍ന്ന ഭഗവതി എത്തി നോക്കുന്നതാണ് മണിക്കിണര്‍ നോട്ടമെന്ന ചടങ്ങ്. ഈ വേളയില്‍ കിണറിലെ വെള്ളമുയര്‍ന്ന്‍ ധവളാഭപൂണ്ട് കാണപ്പെടുമെന്നാണ് വിശ്വാസം. നിത്യകന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടുകല്ല്യാണമാണ് പെരുങ്കളിയാട്ടം. കല്ല്യാണച്ചടങ്ങിനായി സര്‍വാലങ്കാര വിഭൂഷിതയായി തമ്പുരാട്ടി എത്തുമ്പോള്‍, കാര്‍മികത്വം വഹിക്കേണ്ട അന്തിത്തിരിയന് വാലായ്മയുണ്ടെന്ന അശരീരി അന്തരീക്ഷത്തില്‍ മുഴങ്ങുന്നതോടെ തമ്പുരാട്ടിയുടെ കല്ല്യാണം മുടങ്ങും. പിന്നെ അടുത്ത പെരുങ്കളിയാട്ടംവരെ തമ്പുരാട്ടിയുടെ കാത്തിരിപ്പെന്നാണ് വിശ്വാസം. മനോദുഃഖം താങ്ങാനാകാതെ ശിവഭജനം ചെയ്ത് തീക്കുഴില്‍ ചാടി ആത്മാഹൂതി ചെയ്യുകയും,പിന്നീട് ശിവ ശക്തികളുടെ അനുഗ്രഹത്താല്‍ ദൈവീകതയിലേക്ക് ഉയരുകയും ചെയ്ത സാത്വിക ദേവതയാണ് മുച്ചിലോട്ട് ഭഗവതി എന്നാണ് വിശ്വാസം. ക്ഷേത്ര സന്നിധിയില്‍ ഇന്ന് മേലേരി കയ്യേല്‍ക്കല്‍ ചടങ്ങും നടക്കും. പുലര്‍ച്ചെ അഞ്ച് മുതല്‍ പുലിയൂര്‍ കണ്ണന്‍ ദൈവം, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍ കാളി, രക്തചാമുണ്ടി, മടയില്‍ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും ഫോട്ടോ :അനീഷ്‌ ഫോക്കസ്
ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതിയുടെ സന്നിധിയില്‍ മംഗലക്കുഞ്ഞുങ്ങളുടെ ക്ഷേത്ര പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയും, ദേവനര്‍ത്തകന്‍മാര്‍ക്കും ഒപ്പം നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ക്ഷേത്ര പ്രദക്ഷിണം നടത്തിയത്. രക്ഷിതാക്കളുടെ ചുമലിലിരുന്ന് കയ്യിലുള്ള വെറ്റിലകള്‍ പിറകിലോട്ട് നുള്ളിയെറിഞ്ഞാണ് മംഗലക്കുഞ്ഞുങ്ങള്‍ എഴുന്നള്ളത്തിനെ അനുഗമിച്ചത്. എഴുന്നള്ളത്തിനിടയില്‍ നെയ്യാട്ടവും നടന്നു. ഉച്ചത്തോറ്റത്തിന് ശേഷം ക്ഷേത്ര മുറ്റത്ത് ഒരുക്കിയ അണിയറയിലേക്ക് മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി പ്രവേശിച്ചു. അതുവരെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് ഒരുക്കിയ കുച്ചിലിലാണ് ഇദ്ദേഹം വ്രതം നോറ്റിരുന്നത്. ഫോട്ടോ :അനീഷ്‌ ഫോക്കസ്
പ്രദര്‍ശന നഗരിയില്‍ നിറയുന്നത് കാഴ്ചയുടെ വിസ്മയങ്ങള്‍ ചെറുവത്തൂര്‍: ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഭാഗമായി ഒരുക്കിയ അഖിലേന്ത്യാ പ്രദര്‍ശനം ഫെബ്രുവരി പത്തുവരെ നീണ്ടു നില്‍ക്കും. ആയിരങ്ങള്‍ ഇതിനോടകം പ്രദര്‍ശനം കണ്ടുകഴിഞ്ഞു.വൈവിധ്യമാര്‍ന്ന പ്രദര്‍ശന വിപണന സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ രീതിയില്‍ ഒരുക്കിയ പ്രവേശന കവാടം കടന്ന് പ്രദര്‍ശന നഗരിക്കുള്ളില്‍ എത്തിയാല്‍ ഒന്നിന് പിറകെ ഒന്നായി കാഴ്ചകളുടെ വിസ്മയങ്ങള്‍ കണ്‍മുന്നില്‍ നിറയും. ഫയര്‍ ഫോഴ്സ്, പ്ലാനിറ്റൊറിയം. കൃഷി വകുപ്പ്, എക്സൈസ് വകുപ്പ്, പബ്ലിക് റിലേഷന്‍ വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പവലിയനുകള്‍ മികവോടെ ഒരുക്കിയിട്ടുണ്ട്. എ പി കൃഷ്ണന്‍ മാസ്റ്റര്‍ ഒരുക്കിയ പുരാവസ്തു പ്രദര്‍ശനം, രാമചന്ദ്രന്‍ തായ്യന്നൂര്‍ ഒരുക്കിയ പൂഴികൊണ്ടുള്ള ചിത്ര ശില്പ പ്രദര്‍ശനം എന്നിവയെല്ലാം ജനശ്രദ്ധയാകര്‍ഷിക്കുന്നു. വളര്‍ത്തു പക്ഷികളുടെയും, മത്സ്യങ്ങളുടെയും വിസ്മയ ലോകവും ഇവിടെയോരുക്കിയിട്ടുണ്ട്. അമ്യൂസ് മെന്റ് പാര്‍ക്കും ആകര്‍ഷകമാണ്. ജയന്റ് വീല്‍, കൊളംബസ്, ഡ്രാഗണ്‍ ട്രെയിന്‍,മരണക്കിണര്‍ എന്നിവഎല്ലാം അമ്യൂസ് മെന്റ് പാര്‍ക്കിലുണ്ട്. പ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൈമാറുക. പടം -അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ സംസാരിക്കുന്ന മക്കാവുമായി പരിശീലകന്‍ ക്ലിക്ക് - മിഥുന്‍ ഫോക്കസ്
ചെറുവത്തൂര്‍: ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിനായി അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. കളിയാട്ട ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്തിന് കാടങ്കോട് കൊട്ടാരം വാതുക്കല്‍ ക്ഷേത്ര പരിസരത്ത് നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. നാലിന് രാവിലെ പത്തിന് ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും കൊണ്ടുവരുന്നതോടെ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ട ദിവസങ്ങളില്‍ പുലിയൂര്‍ കണ്ണന്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, നരമ്പില്‍ ഭഗവതി,കൂത്ത്, ചങ്ങനും പൊങ്ങനും എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും.സമാപന ദിവസമായ ഏഴിന് പകല്‍ 12.50ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയുയരും. കളിയാട്ട ദിനങ്ങളില്‍ ഏതാണ്ട് രണ്ടു ലക്ഷത്തോളം പേര്‍ക്ക് അന്നദാനം ഒരുക്കും. ഒരേ സമയം നാലായിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഭക്ഷണശാല ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഒരുങ്ങിക്കഴിഞ്ഞു. വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാരക്കാര്‍ക്കായി നാലിലാപന്തലും തയ്യാറായി കഴിഞ്ഞു. ഫെബ്രുവരി അഞ്ചിന് രാവിലെ പത്തിന് പുളിങ്ങാട്ടു തറവാടില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. കളിയാട്ട ഭാഗമായി വൈവിധ്യമാര്‍ന്ന ആധ്യാത്മിക കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് വൈകുന്നേരം മൂന്നുമണിക്ക് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ചാലക്കുടി പ്രസീത നയിക്കുന്ന നാടന്‍ കലാമേള അരങ്ങേറും. അഞ്ചിന് പകല്‍ മൂന്നിന് നടക്കുന്ന വനിതാ സമ്മേളനം ടി. എന്‍ സീമ എംപി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി നിലമ്പൂര്‍ ആയിഷ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് കായംകുളം സപര്യയുടെ ഓര്‍ക്കുക ഒരേയൊരു ജീവിതം നാടകം അരങ്ങേറും. ഫെബ്രുവരി ആറിന് വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളനം കൃഷി മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി അധ്യക്ഷനാകും. രാത്രി ഒമ്പതിന് മെഗാഷോ അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ കരിമ്പില്‍ കൃഷ്ണന്‍, എം വി കുഞ്ഞികൃഷ്ണന്‍, പി സുകുമാരന്‍, എം വി സതീശന്‍, അനില്‍ നീലാംബരി, എം പി പത്മനാഭന്‍, എ ഗോവിന്ദന്‍, വി കൃഷ്ണന്‍, പി ബാലന്‍, കെ സത്യപാലന്‍, കെ നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിനായി എത്തുന്ന പതിനായിരങ്ങള്‍ക്ക് അന്നദാനമൊരുക്കാന്‍ കലവറയില്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ സജീവമാണ്. അന്നദാനത്തിലെ വിഭവങ്ങളില്‍ തുവരപ്പുഴുക്കിന് സവിശേഷമായ സ്ഥാനമുണ്ട്. ഫിബ്രവരി നാലുമുതല്‍ ഏഴുവരെ പെരുങ്കളിയാട്ടം നടക്കുന്ന ചെറുവത്തൂര്‍ മുച്ചിലോട്ട് മൂന്നാം കളിയാട്ടദിവസമാണ് അന്നദാനത്തിന് തോരപ്പുഴുക്ക് നല്‍കുക. ഇത് മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടങ്ങളില്‍ മാത്രം കാണുന്ന പ്രത്യേകതയാണ്. ഇതിനായി 25 ക്വിന്റല്‍ തുവരയാണ് കലവറയിലെത്തിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ മുറം ഉപയോഗിച്ച് തുവര വൃത്തിയാക്കിവയ്ക്കുന്നത് സ്ത്രീകളാണ്. പഴയകാലത്ത് തോരപ്പുഴുക്കും കഞ്ഞിയുമാണ് മൂന്നാം കളിയാട്ടത്തിന് വിളമ്പിയിരുന്നത്. ഇതിനായി പ്രത്യേകം തടങ്ങള്‍ ഉണ്ടാക്കും. പുതിയകാലത്ത് ഇത് പ്രായോഗികമാവില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, ആചാര്യ സ്ഥാനികര്‍ക്ക് പഴയശീലത്തോടാണ് താത്പര്യം. മൂന്നാം കളിയാട്ടദിവസം മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്രത്തിലെത്തും. കുഞ്ഞുങ്ങളടക്കമാണ് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം.ഇതിനു ശേഷമായിരിക്കും അന്നദാനം. കലവറ നിറയ്ക്കല്‍ ഘോഷയാത്ര മൂന്നിന് രാവിലെ പത്തിന് കാടങ്കോട് കൊട്ടാരം വാതില്‍ക്കലില്‍ നിന്നും ആരംഭിക്കും. നൂറുകണക്കിന് സ്ത്രീകള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
കാലിക്കടവ് : ചന്തേര ട്രെയിന്‍ ഹോള്‍ട്ടില്‍ രാത്രികാലങ്ങളില്‍ സമൂഹ വിരുദ്ധ ശല്യം.യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി സമൂഹ വിരുദ്ധര്‍ തകര്‍ത്തു. സന്ധ്യമയങ്ങിയാല്‍ ഇവിടം മദ്യപാനികളുടെ തവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും സമൂഹ വിരുദ്ധര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട് . ഇരിപ്പിടങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ സ്റ്റേഷന്‍ എജന്റ് ചന്തേര പോലീസില്‍ പരാതി
കാലിക്കടവ് :സി പി എം പിലിക്കോട് ലോക്കല്‍ കമ്മറ്റി ഓഫീസിന് വേണ്ടി നിര്‍മ്മിച്ച സി.കൃഷ്ണന്‍ നായര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം വി.എസ് അച്യതാനന്ദന്‍ നിര്‍വഹിച്ചു. ടി.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.പി സതീഷ്‌ ചന്ദ്രന്‍, എ.കെ നാരായണന്‍, എം.വി കോമന്‍ നമ്പ്യാര്‍, വി.പി പി മുസ്തഫ,എ.വി രമണി, എം.വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ :അനീഷ്‌ ഫോക്കസ്
ചെറുവത്തൂര്‍:മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഭാഗമായി തയ്യാറാക്കിയ സ്മരണിക ദേവിരി പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങി. ചന്ദ്രന്‍ നാലപ്പാടം അധ്യക്ഷത വഹിച്ചു. മുഖചിത്രം തയ്യാറാക്കിയ ബാലന്‍ പാലായിക്ക് ക്ഷേത്രം കോയ്മ പുളിങ്ങാട്ട് ഗോപാലന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. വത്സന്‍ പിലിക്കോട് സ്മരണിക പരിചയപ്പെടുത്തി. ഡോ:എസ് കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. വാസു ചോറോട്, മാധവന്‍ മണിയറ, പി.കമലാക്ഷന്‍, ഡോ:വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, എം.വി കുഞ്ഞികൃഷ്ണന്‍ , ജഗദീഷ് പ്രസാദ്, എ.ഗോവിന്ദന്‍,പ്രഭാകരന്‍ പാടാച്ചേരി, സുനില്‍കുമാര്‍ മനിയേരി, ഗംഗാധരന്‍ ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ആചാരങ്ങളും, വംശ ചരിത്രവും, തെയ്യാട്ടങ്ങളിലൂടെയുള്ള വേറിട്ട രചനകളും കൊണ്ട് സമ്പന്നമാണ് സ്മരണിക. ഫോട്ടോ :അനീഷ്‌ ഫോക്കസ്
കാലിക്കടവ് :നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ വികസനോത്സവം സംഘടിപ്പിക്കുന്നു. കാര്‍ഷിക വ്യാവസായിക ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍,സെമിനാറുകള്‍ സാംസ്കാരിക പരിപാടികള്‍ എന്നിവ വികസനോത്സവ ഭാഗമായി നടക്കും. സ്നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി, സ്നേഹ സ്പര്‍ശം മാതൃ ശിശു ആരോഗ്യ പദ്ധതി എന്നിവയുടെ വിജയത്തിന് പിന്നാലെയാണ് ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വികസനോത്സവം സംഘടിപ്പിക്കുന്നത്.ഏപ്രില്‍ 20 മുതല്‍ 30 വരെ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പി.കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമള ദേവി, ജില്ലാ പഞ്ചായത്തംഗം പി. ജനാര്‍ദനന്‍, നീലേശ്വരം നഗര സഭ ചെയര്‍പെഴ്സണ്‍ വി.ഗൌരി, പഞ്ചായത്ത് പ്രസിഡന്ടുമാരായ എ.വി രമണി, എം.ബാലകൃഷ്ണന്‍,സി കാര്‍ത്യായനി, സി. കുഞ്ഞികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കുഞ്ഞികൃഷ്ണന്‍, രവീന്ദ്രന്‍ മണിയാട്ട്, വി.കെ രവീന്ദ്രന്‍, എം വി കോമന്‍ നമ്പ്യാര്‍,നിശാം പട്ടേല്‍,പി വി ഗോവിന്ദന്‍, ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
കാലിക്കടവ്:കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന് ആവേശം പകര്‍ന്നു കൊണ്ട് നാടെങ്ങും കൂട്ടയോട്ടം. ദേശീയഗെയിംസിന്റെ വിളംബരമായി നടന്ന കൂട്ടയോട്ടത്തില്‍ ജില്ലയില്‍ ആയിരങ്ങള്‍ അണിനിരന്നു.ജില്ലയില്‍ 233 കേന്ദ്രങ്ങളിലായിരുന്നു റണ്‍ കേരള റണ്‍ കൂട്ടയോട്ടം നടന്നത്. കായിക താരങ്ങളും, ജനപ്രതിനിധികളും, വിദ്യാര്‍ത്ഥികളും, സര്‍ക്കാര്‍ ജീവനക്കാരും, സന്നദ്ധ സംഘടന പ്രവര്‍ത്തകരും, തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ വിവിധ കേന്ദ്രങ്ങളില്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി. ചെറുവത്തൂരില്‍ നിരവധി പേര്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്തു. പി ജനാര്‍ദനന്‍ പ്രതിജ്ഞ ചൊല്ലി. കയ്യൂര്‍ റോഡില്‍ നിന്നും പഞ്ചായത്ത്‌ പരിസരം വരെ നടന്ന ഓട്ടത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം പി ജനാര്‍ദനന്‍, പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി എന്നിവര്‍ ആദ്യാവസാനം പങ്കെടുത്തു.പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എ വി രമണി ,ഫുട്ബോള്‍ താരം അനഘ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
ചെറുവത്തൂര്‍ :പെരുങ്കളിയാട്ടത്തിന്റെ വരവറിയിച്ച് ചെറുവത്തൂരില്‍ നാട്ടെഴുന്നള്ളത്തിന്റെ ആരവമുയര്‍ന്നു. ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടക്കുന്ന വിവരം ജനപഥത്തെ അറിയിക്കുകയാണ് നാട്ടെഴുന്നള്ളത്തിലൂടെ. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വന്നെത്തുന്ന പെരുങ്കളിയാട്ടം ഒരു വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ വ്യത്യസ്തമായ ചടങ്ങുകള്‍ ക്ഷേത്ര സന്നിധിയെയും ഗ്രാമത്തെയും ഭക്തി നിര്‍ഭരമാക്കുകയാണ്. കളിയാട്ട വരവറിയിക്കുന്ന നാട്ടെഴുന്നള്ളത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. അരങ്ങില്‍ അടിയന്തിരത്തിനുശേഷം അരങ്ങിലാടിയ കോമരങ്ങളും, ക്ഷേത്രസ്ഥാനികരും, വാല്യക്കാരും അടങ്ങിയ എഴുന്നള്ളത്ത് ദേശാധിപത്യം വഹിക്കുന്ന വീരഭദ്രയെയും, മഹാദേവനെയും കണ്ടുവണങ്ങി. തുടര്‍ന്ന് കൊക്കിനി, കീഴളത്ത് കമ്പിക്കാത്ത് , കോയ്മ കണ്ടോത്തുംപുറത്ത്, കല്ലറകമ്പിക്കാത്ത്, ബാലാച്ചേരി, കീഴളത്ത് വടക്കേറയത്ത് തറവാടുകളും, പൊന്നന്‍ പൊതുവാള്‍, അച്ചന്മാരും, ആറീര്യങ്ങളെയും ക്രമപ്രകാരം സന്ദര്‍ശിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ക്ഷേത്രപരിധിയിലെ വീടുകളിലും എഴുന്നള്ളത്ത് എത്തും. മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, ദൈവം എന്നീ തെയ്യങ്ങളുടെ കോമരങ്ങള്‍ അരമണിയും കാല്‍ചിലമ്പുകളും അണിഞ്ഞ് പള്ളിവാളുകളും കൈകളിലേന്തി വീടുകളിലെത്തുന്നുത് ഐശ്വര്യമായിട്ടാണ് നാട്ടുകാര്‍ കാണുന്നത്. ഫെബ്രുവരി 4 മുതല്‍ എഴുവരെയാണ് ക്ഷേത്രത്തില്‍ കളിയാട്ട ദിനങ്ങള്‍ ഫോട്ടോ :അനീഷ്‌ ഫോക്കസ്
കാലിക്കടവ്: പിലിക്കോട് പ്രദേശത്തെ കാര്‍ഷിക സംസ്കാരം വിഷയമാക്കി നിറ ഡോക്യുമെന്ററി ഒരുങ്ങി. പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹരിത സേനയാണ് ഐക്യരാഷ്‌ട്രസഭയുടെ എജുക്കേഷന്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ്‌ (ഇ.എസ്‌.ഡി) റൈസ് പ്രോജക്‌ടുമായി ബന്ധപ്പെട്ട്‌ പിലിക്കോട്‌ ഗ്രാമത്തിലെ അരിയും സംസ്‌കാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.. പിലിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഒളിമങ്ങാതെ കിടക്കുന്ന കാര്‍ഷിക ആചാരങ്ങളായ നിറ, പുത്തരി, കൃഷി രീതികള്‍ എന്നിവയെ കുറിച്ചും, നെല്‍വയലുകള്‍ കാക്കുന്ന കാവല്‍ക്കാര്‍ എന്ന ആചാരക്കാരെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. ഇന്ത്യയില്‍ നിന്നും എ.എസ്‌.ഡി റൈസ്‌ പ്രൊജക്‌ട്‌ പ്രവര്‍ത്തനത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത്‌ വിദ്യാലയത്തില്‍ ഒന്നാണ്‌ പിലിക്കോട്. പുതുതലമുറയെ നെല്‍കൃഷിയിലേക്ക്‌ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ്‌ ഈ ഉദ്യമത്തിന് പിന്നിലുള്ളത്. അനീഷ്‌ ഫോക്കസാണ്‌ ക്യാമറ കൈകാര്യം ചെയ്‌തത്‌. രാജേഷ്‌ സോമന്‍, പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയചന്ദ്രന്‍,ഡാനിയല്‍, കെ.ജി സോമനാഥന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫോട്ടോ :അനീഷ്‌ ഫോക്കസ്
കാലിക്കടവ്: ദേശീയഗെയിംസിന്റെ പ്രചാരണഭാഗമായി ചൊവ്വാഴ്ച രാവിലെ റണ്‍ കേരള റണ്‍ കൂട്ടയോട്ടം നടന്നതിനുപിന്നാലെ അഴിമതി മന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. റണ്‍ അഴിമതി റണ്‍ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കടവിലാണ് റണ്‍ അഴിമതി റണ്‍ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധന മന്ത്രി കെ.എം.മാണി, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സരിത നായര്‍ എന്നിവരുടെ മാസ്‌ക് അണിഞ്ഞ് പ്രവര്‍ത്തകര്‍ കൂട്ട ഓട്ടത്തിന് മുന്നിലായി അണിനിരന്നു ഫോട്ടോ :ഫോക്കസ് കാലിക്കടവ്
ചെറുവത്തൂര്‍: ഓര്‍മ്മകള്‍ പങ്കുവച്ചും സൌഹൃദം പുതുക്കിയും പഴയ തലമുറയില്‍ പെട്ടവര്‍ ഒത്തുചേര്‍ന്നു . നിടുമ്പയിലെ തണല്‍ പുരുഷ സ്വയം സഹായ സംഘമാണ് പ്രദേശത്തെ പ്രായം ചെന്നവര്‍ക്ക് ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ള അവസരമൊരുക്കിയത്. കൃഷി രീതികള്‍ , ജീവിത രീതികള്‍ , കര്‍ഷക പോരാട്ടങ്ങള്‍ എന്നിവയെല്ലാം സംഗമത്തിനെത്തിയവര്‍ പങ്കുവച്ചു. ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഗുരുവന്ദനം പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. എന്‍.എന്‍ ചന്ദ്രിക അധ്യക്ഷത വഹിച്ചു. സി.കെ ചന്ദ്രന്‍, എം ഭാസ്കരന്‍, പി രതീഷ്‌, പി ഗിരീഷ്‌ കുമാര്‍, പി ബി വിനോദ് കുമാര്‍, സി.വി വിനോദ്, വി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
First <<  1 2 3 4 5 6 7 8 9 10   >> Last

.. ..